മലപ്പുറം: ഇന്ത്യയിലെ സൗദി അറേബ്യൻ അംബാസിഡർ ഡോ.സൗദ് മുഹമ്മദ് അൽസാത്തിയുമായി മുസ്്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി ചർച്ച നടത്തി. ഡൽഹിയിലെ സൗദി എംബസിയിലെത്തിയാണ് കുഞ്ഞാലിക്കുട്ടി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയത്.
കേന്ദ്രസർക്കാരിന്റെ വിദേശകാര്യ വകുപ്പിന്റെ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗമെന്ന നിലയിലായിരുന്നു കുഞ്ഞാലിക്കുട്ടി എംപിയുടെ സന്ദർശനം. സൗദിയുടെ നിയമം പാലിച്ച് അവിടുത്തെ വികസനത്തിന് വേണ്ടി വിയർപ്പൊഴുക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാർ.
സ്വദേശിവത്ക്കരണത്തെ തുടർന്ന് സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ വർധിച്ചു വരികയാണെന്നു കൂടിക്കാഴ്ചക്കിടെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് വടക്കേ മലബാറിൽ നിന്നുള്ള പ്രവാസികളാണ് സൗദിയിലെ സ്വദേശി വത്ക്കരണം കാരണം കൂടുതൽ ബുദ്ധിമുട്ടുന്നതെന്ന് അദ്ദേഹം അറിയിച്ചു.
സൗദിയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുകയാണെന്നും കൂടുതൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി അംബാസിഡർ പറഞ്ഞു. അംബാസിഡറെ കേരളം സന്ദർശിക്കാൻ ക്ഷണിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്.