മൂന്നുമുറി: മറ്റത്തൂർ കുഞ്ഞാലി പാറയിലെ ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് ഇന്നലെ മൂന്നുമുറിയിൽ മനുഷ്യചങ്ങല സംഘടിപ്പിച്ചു.അവിട്ടപ്പിള്ളി മുതൽ ചേലക്കാട്ടുകര പെട്രോൾ പന്പ് വരെ ഒന്നര കിലോമീറ്റർ നീണ്ട മനുഷ്യചങ്ങലയിൽ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും വിവിധ സാംസ്കാരിക സാമൂഹിക സംഘടന പ്രതിനിധികളുമടക്കം ആയിരത്തിലേറെ പേർ കണ്ണികളായി.
സമരസമിതി ചെയർമാൻ സി.കെ.രഘുനാഥ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിസ്ഥിതി പ്രവർത്തകൻ സി.ആർനീലകണ്ൻ പ്രഭാഷണം നടത്തി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, പരിസ്ഥിതി പ്രവർത്തകൻ എം.മോഹൻദാസ്, ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം കണ്‍വീനർ എസ്.പി.രവി, പി.കെ.കിട്ടൻ, ഫാ.ജോണ്‍ കവലക്കാട്ട് , ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, സ്കൗട്ട്് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ മനുഷ്യചങ്ങലയിൽ അണിനിരന്നു.
കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി കണ്‍വീനർ രാജ് കുമാർ, മനുഷ്യചങ്ങല കണ്‍വീനർ ബിജു തെക്കൻ, സുമേഷ് മൂത്തന്പാൻ, സി.എസ്. സുരേന്ദ്രൻ,നൈജൊ വാസുപുരത്തുകാരൻ, ശോഭാ ജോണ്‍, രാഹുൽ കരയിൽ, ബെൻസൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് തെയ്യാട്ടം നാടൻപാട്ട് മേളം ഉണ്ടായി.