കൊടകര: കുഞ്ഞാലിപ്പാറയിലെ ഗ്രാനൈറ്റ് കന്പനിയുടെ പ്രവർത്തനം പൂർണമായി നിർത്തലാക്കുക എന്നാവശ്യപ്പെട്ട്് നടത്തുന്ന സമരം 100 ദിവസം പൂർത്തിയാകുന്ന തോടെ ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കുഞ്ഞാലിപ്പാറ സമര സമിതി പ്രവർത്തകനും മനുഷ്യച്ചങ്ങല സംഘാടക സമിതി കണ്വീനറുമായ ബിജു തെക്കൻ പറഞ്ഞു. ഇന്നു വൈകിട്ട് അഞ്ചിന് മൂന്നുമുറിയിൽ നടക്കുന്ന മനുഷ്യച്ചങ്ങലയിൽ പരിസ്ഥിതി പ്രവർത്തകരുൾപ്പടെ നൂറുകണക്കിനാളുകൾ കണ്ണി ചേരും.
കവളപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോടശേരി മലയോരത്തെ കുന്നിനു മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ക്രഷറും സമാനരീതിയിലുള്ള ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിലും ഇടയാക്കുമെന്ന ഭീതിയാണ് നാട്ടുകാരെ കുഞ്ഞാലിപ്പാറയിലെ ഖനനപ്രവർത്തനങ്ങൾക്കെതിരെ സമരരംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്.കക്ഷിരാഷ്ട്രീയത്തിനും സാമുദായിക പരിഗണനകൾക്കും അതീതമായി നാട്ടുകാർ ഒറ്റക്കെട്ടായാണ് ഇവിടെ സമരം നടത്തിവരുന്നത്.
ജനങ്ങളുടെ ആശങ്കകളും പരാതികളും മനസിലാക്കുന്നതിനായി മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, ടി.എൻ.പ്രതാപൻ എംപി, സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ , സാമൂഹിക സാംസ്കാരിക പ്രവർത്തകരായ സി.ആർ.നീലകണ്ഠൻ, കെ.വേണു തുടങ്ങിയവർ സമരപന്തലിലെത്തിയിരുന്നു. ചെറുതും വലുതുമായ അറുപതോളം സംഘടനകൾ കുഞ്ഞാലിപ്പാറ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ ദിവസങ്ങളിലായി സമരപന്തലിലേക്ക് ഐക്യദാർഡ്യപ്രകടനം നടത്തിയിരുന്നു.
സമരസമിതി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനയും അന്വേഷണവും നടത്തി. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയും കുഞ്ഞാലിപ്പാറ സന്ദർശിച്ചിരുന്നു. സമരം തുടങ്ങി നൂറുദിവസമായിട്ടും തങ്ങൾ ഉന്നയിക്കുന്ന പരാതികളിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സമരസമിതി ചെയർമാൻ സി.കെ.രഘുനാഥ് പറഞ്ഞു.
സമരസമിതി പ്രവർത്തകർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും നേരിൽകണ്ട് ക്വാറിയും ക്രഷറും അടച്ചുപൂട്ടാൻ നടപടി വേണമെന്നാവശ്യപ്പെടുന്ന ജനങ്ങളുടെ ഭീമഹർജി സമർപ്പിച്ചിരുന്നു. ക്വാറിക്കെതിരെ ജിയോളജി വകുപ്പും വനംവകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയതും കുഞ്ഞാലിപ്പാറ കനാൽബണ്ടിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ഇറിഗേഷൻ അധികൃതർ നിരോധിച്ചതും സമരത്തിന്റെ വിജയമാണെന്ന് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി പറയുന്നു.
്