ഷൊർണൂർ : പട്ടയമില്ലാതെ പട്ടിത്തറ കക്കാട്ടിരി കുഞ്ഞന്പു കോളനി നിവാസികൾ ദുരിതക്കയത്തിൽ.ചിതലരിച്ച ജനലുകൾ, തകർന്നുവീഴാറായ മേൽക്കൂര, വിണ്ടുകീറിയ മണ്ചുമരുകൾ ഇതാണ് കക്കാട്ടിരി കുഞ്ഞന്പുകോളനിയിലെ വീടുകളുടെ മുഖമുദ്ര.
തൃത്താല പട്ടിത്തറ പഞ്ചായത്തിലെ ഒന്പതാംവാർഡിൽ ഉൾപ്പെടുന്ന കക്കാട്ടിരി കുഞ്ഞന്പു കോളനിയെന്ന കക്കാട്ടിരി കോളനിയിലെ കുടുംബങ്ങളാണ് പട്ടയം ലഭിക്കാഞ്ഞതുമൂലം ഇന്നും ദുരിതജീവിതം നയിക്കുന്നത്.പട്ടയമില്ലാത്തതു മൂലം അർഹമായ പല സർക്കാർ ആനുകൂല്യങ്ങളും കോളനിനിവാസികൾക്കു ലഭിക്കുന്നില്ല.
1962ലാണ് ഇരുപതിലധികം കുടുംബങ്ങൾക്ക് കുഞ്ഞന്പു എന്നയാൾ പത്തുസെന്റ് സ്ഥലവും ചെറിയ വീടും വിട്ടുനൽകിയത്.കഴിഞ്ഞ 60 വർഷമായി ഈ കുടുംബങ്ങൾ ഇവിടെയാണ് കഴിയുന്നത്. ഏതാനും കുടുംബങ്ങൾ കോളനിയിലെ ദുരവസ്ഥമൂലം ഇവിടെനിന്ന് ഒഴിഞ്ഞുപോയി.
വർഷങ്ങൾ പഴക്കമുള്ള മണ്ണുകൊണ്ട് നിർമിച്ച ഭൂരിഭാഗം വീടുകളും ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. പട്ടയമില്ലാത്തതിനാൽ സുരക്ഷിതമായ വീടു നിർമിക്കാനോ അറ്റകുറ്റപ്പണിക്കോ അപേക്ഷ നൽകാൻ കഴിയുന്നില്ല.1962ൽ ഇവർക്ക് ഭൂമി ലഭിക്കുന്പോൾ ഈ പ്രദേശം പൊന്നാനിതാലൂക്കിനു കീഴിലായിരുന്നു.
വർഷങ്ങൾക്കുശേഷം ഒറ്റപ്പാലം താലൂക്ക് നിലവിൽ വന്നതോടെ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നുംതന്നെ ഇല്ലാതായി. എങ്കിലും ഇവർ നികുതിയടയ്ക്കുന്നുണ്ട്. നിരവധി വർഷങ്ങളായി ഇവർ പട്ടയം ലഭിക്കാൻ പരിശ്രമിച്ചെങ്കിലും എല്ലാം പാതിവഴിയിൽ നിൽക്കയാണ്.
പട്ടികജാതിവകുപ്പിൽ നിന്ന് എൻഒസി കിട്ടിയാൽ പട്ടയം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.വീടുതകർന്ന് വീഴുമോയെന്ന ഭീതിയിലാണ് ഇവർ ഓരോദിവസവും തള്ളിനീക്കുന്നത്. മഴയും കാറ്റും കനത്താൽ രാത്രിയിൽ മറ്റു വീടുകളിൽ അഭയംതേടേണ്ട ഗതികേടുമുണ്ട്.
കോളനിയിലെ കുടുംബങ്ങളെ ലൈഫ് ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും പട്ടയമില്ലാത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.പട്ടാന്പി താലൂക്ക് ഭൂരേഖാ തഹസിൽദാർക്ക് ഇതുമായി ബന്ധപ്പെട്ടു പരാതി നൽകിയെങ്കിലും പഞ്ചായത്തിൽ നിന്നുള്ള അനുവാദപത്രിക വേണമെന്നാണ് ആവശ്യം.
പഞ്ചായത്തിന് നാലുസെന്റ് സ്ഥലത്തിനു മാത്രമേ അനുവാദം നല്കാൻ അനുമതിയുള്ളു. തുടർനടപടിക്കായി ഒറ്റപ്പാലം ട്രിബ്യൂണൽ സെക്ഷനിലും എസ്സി ഡിപ്പാർട്ട്മെന്റിലും ഇവർ അപേക്ഷ നൽകിയിട്ടുണ്ട്.