മട്ടന്നൂർ: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ വീടുകളിലേക്ക് പോകാനൊരുങ്ങുമ്പോൾ ഇനി എങ്ങോട്ട് പോകണമെന്നറിയാതെയിരിക്കുകയാണ് വയോധികയും കുടുംബവും. മട്ടന്നൂർ വെളിയമ്പ്ര കൊട്ടാരത്തിലെ 70കാരിയായ കുഞ്ഞാമിനയും മക്കളും പേരക്കുട്ടികളുമാണ് പോകാനിടമില്ലാതെ ബാഫക്കി തങ്ങൾ എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.
ക്യാമ്പിൽ കഴിയുന്ന 73 കുടുംബങ്ങളിൽ കിടപ്പിലായ കുഞ്ഞാമിനയുടെ മകൻ അബ്ദുൾ ഖാദർ നൊമ്പരക്കാഴ്ചയാകുകയാണ്. പരസഹായമില്ലാതെ ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത പ്രായമായ മകന് ഭക്ഷണം നൽകിയ ശേഷമേ കുഞ്ഞാമിന വെള്ളം പോലും കുടിക്കൂ. കൊട്ടാരത്തിലെ വീട്ടിൽ വെള്ളം കയറി തുടങ്ങിയതോടെയാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്. രണ്ട് ദിവസം വെള്ളത്തിൽ മുങ്ങിയ വീട് കഴിഞ്ഞ ദിവസം നിലംപൊത്തുകയായിരുന്നു.
പത്ത് സെന്റ് സ്ഥലത്തെ വീട് പൂർണമായും നിലംപതിച്ചതിനാൽ ഒരു സാധനം പോലും ലഭിച്ചില്ല. അംഗ പരിമിതരായ മൂന്നു മക്കളും ഇതേ അവസ്ഥയിൽ കഴിയുന്ന പേരക്കുട്ടിയുമൾപ്പെട്ട കുടുംബമാണ് കുഞ്ഞാമിനയോടൊപ്പം ക്യാമ്പിൽ കഴിയുന്നത്. സ്കൂൾ ബെഞ്ചിൽ മകനെ കിടത്തിയാണ് കുഞ്ഞാമിന ദിവസം തള്ളി നീക്കുന്നത്.
അബ്ദുൾ ഖാദറിനെ കൂടാതെ കുഞ്ഞാമിനയുടെ മക്കളായ ജമീലയും സഫൂറയും ശാരീരികാവശതകൾ അനുഭവിക്കുന്നവരാണ്. ഒന്നര വയസുകാരൻ പേരക്കുട്ടി മുഹമ്മദ് അജനാസിനും വളർച്ച കുറവുണ്ട്. സ്കൂളിൽ നിന്ന് ഇനി എങ്ങോട്ട് പോകണമെന്നറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. കാര്യമായ തൊഴിലും വരുമാനവുമില്ലാതെ കുടുംബത്തെ ഇനി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുമനസുകളുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്.