എടത്വ: തൊണ്ണൂറിലും തളരാതെ കോവിഡ് മുക്തയായി കുഞ്ഞമ്മ. എടത്വ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ പച്ച ഒറ്റാറയ്ക്കല്‍ കാടാത്ത് പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മയാണ് തൊണ്ണൂറിലും തളരാതെ കോവിഡ് രോഗത്തില്‍ നിന്ന് മുക്തയായത്.
മകന്റെ ഭാര്യയില്‍ നിന്ന് കോവിഡ് രോഗം പകര്‍ന്ന കുഞ്ഞമ്മയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശരീരത്തിന് അല്പം തളര്ച്ചയുണ്ടെന്നൊഴിച്ചാല് കാര്യമായ ആരോഗ്യ പ്രശ്നം കണ്ടിരുന്നില്ല.
ആശുപത്രിയില്‍ വെച്ച് ഡ്രിപ്പ് നല്‍കിയതോടെ തളര്‍ച്ചയും പോയി മറഞ്ഞു. ഇതോടെ തിരികെ വീട്ടില്‍ എത്തണമെന്ന് കുഞ്ഞമ്മ നിര്‍ബന്ധം പിടിച്ചു. കുഞ്ഞമ്മയുടെ നിര്‍ബന്ധത്തില്‍ വഴങ്ങിയ ആരോഗ്യ വകുപ്പ് അധികൃതര്‍ കുഞ്ഞമ്മയെ തിരികെ വീട്ടില്‍ എത്തിച്ചു.
മകന് ബെന്നിയുടേയും മരുമകള്‍ സിനിയുടേയും പരിചരണത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞമ്മയെ കഴിഞ്ഞ ദിവസം വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഈ ടെസ്റ്റില്‍ കുഞ്ഞമ്മ രോഗമുക്തയായ വിവരം ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. തൊണ്ണൂറിലും തളരാത്ത മനോവീര്യമാണ് കുഞ്ഞമ്മയെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്.