പത്തനാപുരം: 105 ാം വയസിലും കൊയ്ത്തുപാട്ടിന്റെ ശീലുകള്‍ താളാത്മകമായി പാടുന്ന കുഞ്ഞമ്മ തേവരെ ആദ്യാക്ഷരം എഴുതിച്ച് പത്തനാപുരം ഗാന്ധിഭവന് സാക്ഷരത തുല്യതാ പഠനപദ്ധതിക്ക് തുടക്കം കുറിച്ചു. സ്നേഹരാജ്യം ചീഫ് എഡിറ്റര്‍ പി.എസ്. അമല്‍രാജാണ് കുഞ്ഞമ്മയെ ആദ്യാക്ഷരം എഴുതിച്ചത്.
ചങ്ങനാശേരി സ്വദേശിനിയും അനാഥയുമായ കുഞ്ഞമ്മതേവരെ നാലുവര്‍ഷം മുമ്പാണ് നാട്ടുകാര്‍ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. നാടന്‍ പാട്ടുകള്‍ ഈണത്തില്‍ പാടുന്ന ഇവര്‍ക്ക് എഴുത്തും വായനയും വശമില്ല. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെ സ്നേഹപൂര്‍വമായ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹരിശ്രീ കുറിക്കാന്‍ ഇവര്‍ തയാറായത്.
ഇതാദ്യമായാണ് ഒരു അനാഥാലയത്തില്‍ സാക്ഷരതാ തുടര്പഠനകേന്ദ്രം അനുവദിക്കുന്നത്. ഗാന്ധിഭവന് പുറത്തുള്ളവര്‍ക്കും ഇവിടെ ചേര്‍ന്നു പഠിക്കുവാനുള്ള സൗകര്യമുണ്ട്. അന്തേവാസികളായ 30 പേരാണ് പഠിതാക്കളായി ചേര്‍ന്നിട്ടുള്ളത്. നാലാം ക്ലാസ് വരെയുള്ള തുല്യതാ പഠന ക്ലാസാണ് ഇപ്പോള്‍ നടക്കുന്നത്. ഏഴും പത്തും ക്ലാസുകള്‍ക്കുള്ള പഠനകേന്ദ്രങ്ങളും ഉടന്‍ ആരംഭിക്കും.
സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിലാണ് ഗാന്ധിഭവന് തുല്യതാപഠന കേന്ദ്രം ആരംഭിച്ചത് ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞമാസം സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല നിര്‍വഹിച്ചിരുന്നു. ഗാന്ധിഭവന് തുല്യതാപഠന കേന്ദ്രത്തിലെ ക്ലാസുകളുടെ ഉദ്ഘാടനം കവി ഇഞ്ചക്കാട് ബാലചന്ദ്രന് നിര്‍വഹിച്ചു.
പഠിതാക്കള്‍ക്കുള്ള പഠനോപകരണ വിതരണം പുനലൂര്‍ താലൂക്ക് തുല്യതാ പഠനകേന്ദ്രം സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ വെഞ്ചേമ്പ് സുരേഷ്കുമാര്‍ നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ അംഗം ശ്യാം പത്തനാപുരം, മധു കെ. കൃഷ്ണന്, കെ. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.