സ്വന്തം ലേഖകന്‍
കോഴിക്കോട്: എല്ലാ റവന്യൂ രേഖകളോടും കൂടി കൈവശം വച്ചിരുന്ന തന്റെ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് തൊണ്ണൂറ്റി ഏഴുകാരി അന്നമ്മ കുഴിയില്‍ നടത്തിയ പോരാട്ടം വിജയത്തിലേക്ക്. കോഴിക്കോട് ജില്ലാ കളക്ടറോട് തന്റെ ദൈന്യത മുഖ ഭാവത്തിലൂടെ വെളിപ്പെടുത്തിയപ്പോള്‍ നികുതി സ്വീകരിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് കൈകൊള്ളാമെന്ന് ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു ഉറപ്പുനല്‍കി.
ഇന്ന് നികുതി സ്വീകരിച്ച് കൈവശവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കും. നികുതി സ്വീകരിക്കാനുള്ള നിര്‍ദേശം വില്ലേജ് ഓഫീസര്‍ക്ക് നല്കി. ഇതിന്റെ കോപ്പി നേരിട്ട് അന്നമ്മയുടെ മകള്‍ ത്യേസാമ്മയ്ക്ക് വാങ്ങാവുന്നതാണെന്നും അല്ലെങ്കില്‍ വാട്ട്സ് ആപ്പില്‍ അയച്ചുതരാമെന്നും കളക്ടര്‍ അറിയിച്ചു.
ആദ്യം ഡെപ്യൂട്ടി കളക്ടര്‍ ലിജുവാണ് അന്നമ്മയുടെ മകളോടും കുടുംബാംഗങ്ങളോടും കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയത്. തുടര്‍ന്ന് അദ്ദേഹം വില്ലേജ് ഓഫീസറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുകയും നികുതി സ്വീകരിക്കുന്നതിനുള്ള തടസം എന്തെന്ന് ചോദിക്കുകയും ചെയ്തു.
അതേസമയം എന്താണ് നികുതി സ്വീകരിക്കാനുള്ള സാങ്കേതിക തടസമെന്ന് അറിയില്ലെന്നും ഇഷ്ടദാനം റദ്ദ് ചെയ്യുന്നതോടെ തന്നെ ഉടമസ്ഥാവകാശവും റദ്ദ് ചെയ്യപ്പെടേണ്ടതാണെന്നും ഡെപ്യൂട്ടികളക്ടര്‍ അറിയിച്ചു.പിന്നീടാണ് ജില്ലാ കളക്ടര്‍ കര്‍ഷക നേതാവ് ഒ.ഡി. തോമസുമായി സംസാരിച്ചതിനുശേഷം നികുതി സ്വീകരിക്കാനുള്ള നടപടി എടുക്കാമെന്ന് ഉറപ്പ് നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ യാണ് ഏഴുവര്‍ഷമായി തുടരുന്ന അവഗണനയ്ക്ക് അവസാനമായത്. കൂട്ടാലിട ചെടിക്കുളത്ത് കുഴിയില്‍ അന്നമ്മയാണ് വില്ലേജ് ഓഫീസര്‍ കനിയാതെയായതോടെ നീതി തേടി കളക്ടറുടെ ചേംബറില്‍ എത്തിയത്. തന്നെ നോക്കികൊള്ളാമെന്ന മകള്‍ ത്രേസ്യാമ്മയുടെ മകന് ബോബി തേനാംകുഴിയുടെ വാക്കു വിശ്വസിച്ച് പതിനഞ്ചേകാല്‍ സെന്റ് സ്ഥലവും വീടും അന്നമ്മ 2001-ല്‍ ബോബിക്ക് ഇഷ്ടദാനമായി നല്‍കിയതാണ്.
എന്നാല്‍ ആധാരത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ശാരീരികമായി ഉപദ്രവിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും ആരോപിച്ച് 2011-ല്‍ ആധാരം നിയമാനുസൃതം റദ്ദ് ചെയ്തു. എന്നാല്‍ അതിനുശേഷവും അവിടനല്ലൂര്‍ വില്ലേജ് ഓഫീസില്‍ ബോബിയാണ് നികുതി അടയ്ക്കുന്നത്. അന്നമ്മയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നുമില്ല.
ബോബിയും കുടുംബവും ഇപ്പോഴും ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. തുടര്‍ന്നാണ് പേരമകന് തട്ടിയെടുത്ത വീടും സ്ഥലവും തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കളക്ടറുടെ മുന്നില്‍ ഇവര്‍ എത്തിയത്. അവിടനല്ലൂര്‍ വില്ലേജില്‍ കോട്ടൂര്‍ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ് ചെടിക്കുളത്ത് സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടുമാണ് ബോബി തട്ടിയെടുത്തത്.
നിയമാനുസൃതം ഇഷ്ടദാനം റദ്ദ് ചെയ്തശേഷം സ്ഥലത്ത് ആദായമെടുക്കാന്‍ എത്തിയപ്പോള്‍ എന്നെയും മക്കളെയും ഇവിടെ നിന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഓടിക്കുകയും പിന്നീട് വീട്ടിലെത്തി ദേഹോപദ്രവം എല്പ്പിക്കുകയും ചെയ്തുവെന്നും കളക്ടര്‍ക്ക് ഇവര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ഈ കേസില്‍ പേരാമ്പ്ര കോടതി ബോബിയെ രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്. അന്നമ്മയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. മേരി, കുഞ്ഞമ്മ, ത്യേസാമ്മ എന്നിവരില്‍ മേരി ഇപ്പോള്‍ കിടപ്പിലാണ്. കുഞ്ഞമ്മയ്ക്കും ത്യേസ്യാമ്മയ്ക്കും ഇവരുടെ ഭര്ത്താക്കന്മാര്ക്കുമൊപ്പമാണ് അന്നമ്മ കളക്ടറെ കാണാനെത്തിയത്.
ഒറ്റദിവസത്തിനുള്ളില്എല്ലാം ശരിയാക്കാമെന്ന് കളക്ടര്‍
കോഴിക്കോട്: ‘എല്ലാം ശരിയാക്കാം അമ്മേ’ എന്ന സ്നേഹപുര്ണമായ വിളിയില്‍ ഏഴുവര്‍ഷത്തോളമായി തുടരുന്ന ദുരിതപര്‍വം അന്നമ്മയുടെ മുഖത്തുനിന്നും മാഞ്ഞു. നികുതി സ്വീകരിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ കളക്ടറേറ്റിനുമുന്നില്‍ അനിശ്ചിതകാലസമരമുള്‍പ്പെടെ നടത്താനുള്ള തീരുമാനവുമായാണ് പരസഹായം കുടാതെ നടക്കാന്‍ പോലും കഴിയാത്ത അന്നമ്മയെയും കൊണ്ട് മക്കളും മരുമക്കളും ഒ.ഡിതോമസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ എത്തിയത്.
മറ്റൊരു യോഗത്തിലായിരുന്ന ജില്ലാ കളക്ടര്‍ താഴെ ഇവര്‍ കാത്തുനില്‍ക്കുന്നതറിഞ്ഞ് 12 ഓടെ ഇവരുടെ അടുത്തേക്കെത്തി. അതിനു മുന്‍പു തന്നെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡെപ്യുട്ടി കളക്ടര്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുമ്പോഴേക്കും അദ്ദേഹം താഴെ അന്നമ്മയ്ക്ക് ചാരേയെത്തി എല്ലാം ശരിയാക്കാമെന്ന ഉറപ്പുനല്‍കി.കുടുംബാംഗങ്ങളില്‍ ആരെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലേക്ക് നടപടിയുടെ കോപ്പി അയച്ചുതരാമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഇനിയും ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.