അറുപത്തിരണ്ടാമത്തെ വയസിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്നു വേൾഡ്വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കാൻ ഡോ. കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതിയേറിയ ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് ആരംഭിച്ചു കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് ഏഴു കിലോമീറ്റർ നീന്താനാണു തീരുമാനം.
നാളെ രാവിലെ എട്ടിനാണു സാഹസനീന്തൽ ആരംഭിക്കുക. ഇത്രയും ദൂരം നീന്തുന്ന ഏറ്റവും പ്രായംകൂടിയ വനിതയാകാനാണു ശ്രമം. റിട്ട. എൽഐസി ഉദ്യോഗസ്ഥയാണ് കുഞ്ഞമ്മ മാത്യൂസ്. മലഞ്ചരക്കുവ്യാപാരിയായ ഒല്ലൂർ അഞ്ചേരി ജവഹർ റോഡ് പുത്തൻപുര ഹൗസിൽ പി.വി. ആന്റണിയാണ് ഭർത്താവ്. ഏകമകൾ ഡോ. ജ്യോത്സന ദുബായിൽ ഭർത്താവിനൊപ്പമാണ്.
ചെറുപ്പത്തിലേ നീന്തൽ അറിയാമായിരുന്ന കുഞ്ഞമ്മ പിന്നീടു ജോലിയിൽനിന്നു വിരമിച്ചപ്പോഴാണു വ്യായാമത്തിനായി നീന്തൽ ആരംഭിച്ചത്. ആഗ്രഹമറിഞ്ഞപ്പോൾ കോതമംഗലം ഡോൾഫിൻ അക്വാട്ടിക്സിലെ ബിജു തങ്കപ്പൻ പരിശീലനം നല്കാൻ തയാറായി.
കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ മൂന്നര മാസത്തോളം പരിശീലനം നടത്തിയാണ് റിക്കാർഡ് ഉദ്യമത്തിനൊരുങ്ങിയത്. തൃശൂരിലെ നീന്തൽ, ഓട്ടം, സൈക്ലിംഗ് കൂട്ടായ്മയായ എൻഡ്യൂറൻസ് അത്ലറ്റ്സ് ഓഫ് തൃശൂർ(ഇഎടി) അംഗമാണു കുഞ്ഞമ്മ. പത്രസമ്മേളനത്തിൽ ഡോ. കുഞ്ഞമ്മ മാത്യൂസ്, മേരി മാത്യൂസ്, വി.എ. രാമകൃഷ്ണൻ, പ്രശാന്ത് പണിക്കർ, വിപിൻ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.