കലങ്ങിമറിഞ്ഞ വേമ്പനാട്ടുകായൽ ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ടു നീന്തിക്കടന്ന ഏറ്റവും പ്രായം കൂടിയ വനിതയായി വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്വർണ ലിപികളാൽ കുറിക്കപ്പെട്ട് തൃശൂർക്കാരി ഡോ. കുഞ്ഞമ്മ മാത്യൂസ്.
വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതിയേറിയ ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കുള്ള ഏഴു കിലോമീറ്ററാണ് 62 കാരിയായ കുഞ്ഞമ്മ താണ്ടിയത്.
ഇന്നലെ രാവിലെ 7.35നു പഞ്ചായത്ത് പ്രസിഡന്റ് എസ്. സുധീഷ് ഫ്ലാഗ് ഓഫ് ചെയ്തു. സാഹസിക നീന്തലിനുശേഷം വൈക്കം ബീച്ചിൽ നടന്ന അനുമോദനച്ചടങ്ങ് നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു.
ആർഎംഒ ഡോ. ഷീബ, എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, അഡ്വ. സ്മിത സോമൻ, സി.എൻ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽപരിശീലകൻ ബിജു തങ്കപ്പൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിഹാബ് സൈനു എന്നിവരെ ആദരിച്ചു.
റിട്ട. എൽഐസി ഉദ്യോഗസ്ഥയാണ് കുഞ്ഞമ്മ മാത്യൂസ്. മലഞ്ചരക്കുവ്യാപാരിയായ ഒല്ലൂർ അഞ്ചേരി ജവഹർ റോഡ് പുത്തൻപുര ഹൗസിൽ പി.വി. ആന്റണിയാണ് ഭർത്താവ്. ഏകമകൾ ഡോ. ജ്യോത്സന ദുബായിൽ ഭർത്താവിനൊപ്പമാണ്. ചെറുപ്പത്തിലേ നീന്തൽ അറിയാമായിരുന്ന കുഞ്ഞമ്മ പിന്നീടു ജോലിയിൽനിന്നു വിരമിച്ചപ്പോഴാണു വ്യായാമത്തിനായി നീന്തൽ ആരംഭിച്ചത്.