കോട്ടയം: എഴുപതാം വയസിലും കൊടൂരാറ്റിലൂടെ വള്ളം തുഴഞ്ഞുപോയി തീരത്തുനിന്നു പുല്ലുചെത്തി വിറ്റു ജീവിതം കരുപ്പിടിപ്പിക്കുകയാണ് കുഞ്ഞമ്മ. ജീവിതത്തിലുണ്ടായ എല്ലാ പ്രതിസന്ധികളെയും തടസങ്ങളെയും തരണം ചെയ്തുള്ള തുഴച്ചില്‍ ഇപ്പോഴും തുടരുകയാണ്. ജീവിതപാതയിലെ ദുരിതങ്ങളെ പുല്ലുപോലെ നേരിട്ടാണ് കുഞ്ഞമ്മ ഇതുവരെയെത്തിയത്.
കോട്ടയം കാരാപ്പുഴ പാറത്തറ കുഞ്ഞമ്മ (70) പുല്ലു വില്പന തുടങ്ങിയിട്ട് 15 വര്‍ഷം കഴിഞ്ഞു. കര്‍ഷക തൊഴിലാളിയായ കുഞ്ഞമ്മ മുടങ്ങാതെ പുല്ലുചെത്തി കെട്ടുകളാക്കി വില്‍ക്കുന്നു. ഇത്തരത്തില്‍ പുല്ല് വില്‍പ്പനയിലൂടെ കുഞ്ഞമ്മ ഒരു വള്ളം സ്വന്തമായി വാങ്ങി. ഇവര്‍ വള്ളത്തില്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന പച്ചപ്പുല്ലിന് ആവശ്യക്കാരേറെയാണ്.
വള്ളം വാങ്ങിയതിനു പിന്നിലൊരു കഥയുണ്ട്. 15 വര്‍ഷം മുമ്പ് നൂറു രൂപ വേതനത്തിന് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു കുഞ്ഞമ്മയെ പിരിച്ചുവിട്ടു. ജീവിതത്തില്‍ ഒരാള്‍ക്കു മുന്നിലും തോല്ക്കാന് മനസില്ലാതെ പിറ്റേന്നു മുതല്‍ കൊടൂരാറിന്റെ തീരത്തും പാടശേഖരങ്ങളില്‍നിന്നും പുല്ലുചെത്തി വില്ക്കാന് തുടങ്ങി. ദിവസവും വരുമാനത്തിന്റെ ഒരു വിഹിതം മാറ്റിവച്ച് സ്വന്തമായൊരു വള്ളം വാങ്ങി. പിന്നീട് വള്ളത്തിലായി പുല്ലുചെത്തും വില്പനയും.
രാവിലെ ഏഴിന് വീട്ടുജോലികളെല്ലാം തീര്‍ത്ത് വള്ളം തുഴഞ്ഞു നീങ്ങും. വേനല്‍ കടുത്തതോടെ ഇപ്പോള്‍ കുടിവെള്ളം കരുതും. പുഴയുടെ കൈവഴികളില്‍നിന്നും തീരങ്ങളില്നിന്നുമാണ് പുല്ലു ചെത്തിയെടുക്കുന്നത്. കടകല്‍ ഇനം പുല്ലാണ് കൂടുതലും ലഭിക്കുക. ഉച്ചയ്ക്ക് 12ന് കോടിമത ബോട്ടുജെട്ടിക്കുസമീപം എത്തി വിറ്റു തുടങ്ങും.
മുന്‍പൊക്കെ ദിവസം ഇരുപത് കെട്ട് പുല്ലുചെത്തി വിറ്റിരുന്നു. 40 രൂപ വരെ വില കിട്ടിയിരുന്നു. ഈയിടെയായി 15 കെട്ടു മുതല്‍ 20 കെട്ടുവരെയെ ചെത്താനാകുന്നുള്ളൂ. ചെറിയ കെട്ടായതിനാല് 25 രൂപയ്ക്ക് വില്‍ക്കും. കൂഞ്ഞമ്മയില്നിന്നു പതിവായി പുല്ലു വാങ്ങുന്ന ഏറെപ്പേരുണ്ട്. ഏറെപ്പേരും കാലി വളര്‍ത്തുന്നവരും ഫാം നടത്തിപ്പുകാരുമാണ്.
പുല്ലുചെത്തിനു പുറമെ രണ്ടേക്കര്‍ പാട്ടഭൂമിയില്‍ നെല്‍കൃഷിയുമുണ്ട്. പുല്ലുവിറ്റശേഷം ഉച്ചകഴിഞ്ഞാണ് നെല്പ്പാടത്തിലെത്തുന്നത്. ഭര്‍ത്താവ് വാസപ്പന് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. രണ്ടു പെണ്മക്കളെയും വിവാഹം ചെയ്തയച്ചു. ആവുന്നിടത്തോളം പുല്ലു ചെത്തിയും കൃഷി ചെയ്തും പരസഹായമില്ലാതെ മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കുഞ്ഞമ്മ പറയുന്നു.
ജിബിന്‍ കുര്യന്