ആലപ്പുഴ: സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട കെ.എം.ഷാജിയുടെ ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ്. കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് ജനസംസാരമെന്നും മരണം പുനരന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ആവശ്യപ്പെട്ടു.
കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. സിപിഎമ്മുകാര്‍ തന്നെ ഇക്കാര്യം പരസ്യമായി പറയുന്നുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. കൊയിലാണ്ടിയിലെ സിപിഎം നേതാവിനെ കൊലപ്പെടുത്തിയതിലും സിപിഎമ്മിന് പങ്കുണ്ടെന്നും സുധാകരന് ആരോപിച്ചു.
വിവാദ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ പാര്‍ട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും സുധാകരന് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജിയാണ് ആദ്യം രംഗത്തെത്തിയത്.
ടി.പി കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തനെന്ന് ഷാജി പറഞ്ഞിരുന്നു. കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്നു ഭയന്നാല്‍, കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന്റേത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഷാജി വിമര്‍ശിച്ചിരുന്നു.