വടകര: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന് അനധികൃതമായി പരോൾ അനുവദിക്കുന്ന സർക്കാർ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആർഎംപിഐ നേതാവ് കെ.കെ.രമ. മറ്റു കേസുകളിലെ പ്രതികൾക്കൊന്നും ലഭിക്കാത്ത പരിഗണനയാണ് ടി.പി കേസ് പ്രതികൾക്ക് പിണറായി സർക്കാർ നൽകുന്നത്.
ശിക്ഷ ലഭിച്ച് നാലുവർഷത്തിനിടെ കുഞ്ഞനന്തന് 434 ദിവസമാണ് പരോൾ ലഭിച്ചിരിക്കുന്നത്. സർക്കാർ നിയമവ്യവസ്ഥയെ കാറ്റിൽപറത്തിയിരിക്കുകയാണ്. ഈ സർക്കാർ അധികാരമേറ്റശേഷം സാധാരണ ജനങ്ങൾക്കല്ല, കൊലക്കേസ് പ്രതികൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
അനധികൃത പരോളിനെതിരെ അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. സർക്കാർ നടത്തുന്ന നിയമലംഘനത്തിനെതിരെ നിയമപരമായി ഏതറ്റംവരെയും പോകുമെന്ന് രമ വ്യക്തമാക്കി.