ഒറ്റപ്പാലം: വിശ്വമഹാകവി കലക്കത്ത് കുഞ്ചൻനന്പ്യാരുടെ സ്മാരകഗൃഹത്തിലേക്കുള്ള റോഡിനു ശാപമോക്ഷം. ഒന്നരകിലോമീറ്റർ റോഡാണ് വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്നത്. കവിയുടെ ജ·ഗൃഹം കൂടിയായ കലക്കത്ത് ഭവനത്തിലേക്കു വരുന്ന സാംസ്കാരിക പ്രവർത്തകരും സാഹിത്യപ്രേമികളുമെല്ലാം നടുവൊടിയുന്ന വിധത്തിൽ യാത്ര ചെയ്താണ് സ്മാരകഗൃഹത്തിലേക്ക് എത്തിയിരുന്നത്.
50 ലക്ഷം രൂപ രൂപ ചെലവിലാണ് ഈ പാത നവീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നിർമാണപ്രവൃത്തികൾ ഉടനേ തുടങ്ങുമെന്നു പി.ഉണ്ണി എംഎൽഎ പറഞ്ഞു. റോഡിന്റെ നിർമാണോദ്ഘാടനം നടന്നു.കുഞ്ചൻനന്പ്യാർ സ്മാരകം റോഡ് നവീകരികരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന വർഷങ്ങളുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മേയ് അഞ്ചിന് കുഞ്ചൻദിനത്തിൽപോലും പാത നവീകരിച്ചിരുന്നില്ല.
ദേശീയ സ്മാരകമായിട്ടുകൂടി ഇതിന്റെ പരിഗണനയൊന്നും സ്ഥാപനത്തിനു ലഭിച്ചിരുന്നില്ല. പ്രധാനപാതയിൽനിന്നും ലക്കിടി കൂട്ടുപാതയ്ക്കും മംഗലത്തിനും മധ്യേയാണ് കുഞ്ചൻനന്പ്യാർ സ്മാരകത്തിലേക്കുള്ളപാത കടന്നുപോകുന്നത്. കുണ്ടുംകുഴിയും നിറഞ്ഞ് ടാർ അടർന്നുപോയി പേരിനു മാത്രമായി റോഡ് നിലവിലുള്ളത്. റോഡിന്റെ ഇരുഭാഗത്തും അഴുക്കുചാലുകൾ ഇല്ലാത്തതും മുഖ്യപ്രശ്നമാണ്.