കണ്ണൂർ: പരിചമുട്ടുകളിയിൽ ആറു ടീമുകൾക്കു ഒറ്റ ആശാൻ. കോട്ടയം മണർകാട് സ്വദേശി കൊല്ലംപറമ്പിൽ കുഞ്ഞപ്പനാശാനാണ് പരിചമുട്ടുകളിയിലെ നിറസാന്നിധ്യമായി മാറിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി കുഞ്ഞപ്പൻ നിരവധി ടീമുകളുമായി കലോത്സവത്തിൽ എത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി മടങ്ങുകയും ചെയ്യുന്നുണ്ട്. അച്ഛന്റെയും മുത്തച്ഛന്റെയും പാത പിൻതുടർന്നാണു കുഞ്ഞപ്പനും പരിചമുട്ടുകളിയിലേക്കു വാളും പരിചയുമായി ഇറങ്ങുന്നത്.
കഴിഞ്ഞ 20 വർഷമായി വാളെടുത്തു പരിചകൊണ്ടു തടഞ്ഞ സ്ഥലങ്ങളിലെല്ലാം വിജയിച്ച ചരിത്രമാണു കുഞ്ഞപ്പനു പറയാനുള്ളത്. കുഞ്ഞപ്പന്റെ പിതാവ് ഇട്ടിയവിര ഇട്ടിയവിരയും, മുത്തച്ഛൻ വർക്കി ഇട്ടിയവിരയും പരിചമുട്ടുകളിയിൽ വിദഗ്ധരായിരുന്നു.കൊല്ലം കുണ്ടറ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ്, കോഴിക്കോട് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം കാഞ്ഞിരപ്പള്ളി എകെജെഐം സ്കൂൾ, തൃശൂർ മാള സെന്റ് ജോസഫ്സ് ഹൈസ്കൂൾ, ആലപ്പുഴ മുണ്ടാർ സെന്റ് ജോർജ് ഹൈസ്കൂൾ, ഇടുക്കി മുതലക്കോടം സെന്റ് ജോർജ് സ്കൂൾ എന്നീ സ്കൂളുകളിലാണു കുഞ്ഞപ്പൻ പരിചമുട്ടുകളി പഠിപ്പിക്കുന്നത്.
പരിചമുട്ടുകളിയെക്കുറിച്ചു വാതോരാതെ സംസാരിക്കുമ്പോഴും ആറു സ്കൂളുകളിലെ കുട്ടികൾക്കും ഒരുപോലെ നിർദേശം നല്കുന്ന തിരക്കിലായിരുന്നു അദേഹം. കലോത്സവത്തിൽ പരിചമുട്ടുകളിയിൽ ഉൾപ്പെടുത്തിയ ആദ്യ മൂന്നു വർഷങ്ങളിൽ തടികൊണ്ടുള്ള വാളും പരിചയുമാണു ഉൾപ്പെടുത്തിയിരുന്നത്. പിന്നീടാണു ഇരുമ്പുപട്ട കൊണ്ടുള്ള വാളും നാഗതകിടു കൊണ്ടുള്ള പരിചയും ഉൾപ്പെടുത്തിയുള്ള മത്സരങ്ങൾ ആരംഭിച്ചത്. തുടർന്നാണു പരിചമുട്ടുകളി സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ മനോഹാരിത കൈവന്നതെന്നും അദേഹം പറഞ്ഞു. മക്കളായ ബ്ലെസണ്, ബ്ലെസി എന്നിവരും ഭാര്യ ജെസിയും കുഞ്ഞപ്പനു പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.