കോട്ടയം: 63 കാരൻ ഇനി 17 വർഷം ജയിലിലേക്ക്. ഭാര്യ ഉപേക്ഷിച്ചു പോയത് അയൽവാസികളുടെ ദുർമന്ത്രവാദത്തെ തുടർന്നാണെന്നു സംശയിച്ച് ദന്പതികൾക്കുനേരേ ആഡിസ് ആക്രമണം നടത്തിയ വൈക്കം വടയാർ ഉമ്മാൻകുന്ന് ഭാഗത്ത് ചോഴാച്ചേരിൽ കുഞ്ഞപ്പനെയാണു കോട്ടയം അഡീഷണൽ സെഷൻ കോടതി (സ്പെഷൽ) ജഡ്ജി ജോണ്സണ് ജോണ് ശിക്ഷിച്ചത്.
ഐപിസി 307 പ്രകാരം പത്ത് വർഷം കഠിനതടവിനും 50,000 രൂപ പിഴയും, ഐപിസി 458 പ്രകാരം ഏഴ് വർഷം കഠിന തടവിനും 25,000 രൂപ പിഴയും വിധിച്ചു. അയൽവാസികളായ കാളാശേരിൽ രവീന്ദ്രനെയും ഭാര്യ രാധാമണിയെയും ആസിഡൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതി ശിക്ഷിക്കപ്പെടുന്നത്.
പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അടയ്ക്കുന്ന പക്ഷം ഇതു പരിക്കേറ്റ രവീന്ദ്രനും രാധാമണിക്കും നഷ്ടപരിഹാരമായി നൽകണം. വിവിധ വകുപ്പുകളിലെ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2012 മാർച്ച് ഒന്പതിനു പുലർച്ചെ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പണിപൂർത്തീകരിച്ചിട്ടില്ലാത്ത വീട്ടിൽ പാളികളില്ലാത്ത ജനലിനുസമീപം മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന രവീന്ദ്രന്റെയും രാധാമണിയുടെയും ശരീരത്തേക്ക് ജാറിൽ സൂക്ഷിച്ചിരുന്ന ആസിഡ് പ്രതി ജനാലയിലൂടെ ഒഴിക്കുകയായിരുന്നു.
മുഖത്തും നെഞ്ചിലും വയറ്റിലുമാണ് ആസിഡ് വീണത്. ഇരുവർക്കും ശരീരത്തിൽ 40 ശതമാനത്തിലധികം പൊള്ളലേറ്റു.
സംഭവത്തിനുശേഷം വർഷങ്ങളോളം പ്രതി ഒളിവിലായിരുന്നു.
തലയോലപ്പറന്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത് വൈക്കം സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.എസ്. ബേബി ആയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ജിതേഷ്, ടോജി തോമസ് എന്നിവർ ഹാജരായി.