പുൽപ്പള്ളി: കാലങ്ങൾ മാറിയെങ്കിലും സൈക്കിൾ റിപ്പയറിംഗ് നടത്തി ജീവിതമാർഗം കണ്ടെത്തുകയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ ആലത്തൂർ ഉപ്പൂട്ടങ്കൽ ചാക്കോ എന്ന നാട്ടുകാരുടെ സൈക്കിൾ കുഞ്ഞേട്ടൻ.
1973ലാണ് വയനാട്ടിലെ മുള്ളൻകൊല്ലിയിൽ കുഞ്ഞേട്ടൻ ഒരു സൈക്കിൾ റിപ്പയർ കട ആരംഭിക്കുന്നത്. റിപ്പയറിംഗിനോടൊപ്പം തന്നെ സൈക്കിളുകൾ വാടകക്ക് കൊടുത്തുതുടങ്ങി.
അന്നൊക്കെ 50 പൈസയായിരുന്നു മണിക്കൂറിന് ഈടാക്കിയിരുന്ന വാടക. സൈക്കിളുകൾ അക്കാലത്ത് ഗ്രേഡ് തിരിച്ചായിരുന്നു വാടകക്ക് നൽകിയിരുന്നത്.
എ, ബി, സി, ഡി ഗ്രേഡുകളും അതിന് അനുസരിച്ചുള്ള വാടകയും ഈടാക്കിയിരുന്നു.
50 രൂപക്ക് മാസവാടകക്ക് വരെ സൈക്കിളുകൾ നൽകിയിട്ടുണ്ട്.
വാടകക്ക് കൊടുത്ത സൈക്കിൾ മടങ്ങിവരുന്നത് വരെ രാത്രി എത്ര വൈകിയാലും കാത്തിരിക്കുമായിരുന്നു. പലപ്പോഴും വാടകക്കെടുത്തവർ ആ സൈക്കിളുമായി കടന്നുകളഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
പിന്നീട് നഷ്ടമായ പല സൈക്കിളുകളും കണ്ടെടുക്കാനായെങ്കിലും പോലീസ്സ്റ്റേഷനിൽ പോയി തിരികെ കൊണ്ടുവരാൻ വലിയ വിലയാണ് നൽകേണ്ടി വന്നിട്ടുള്ളതെന്നും ചാക്കോ ഓർമ്മിക്കുന്നു. സൈക്കിളുകൾ കൊണ്ടുപോയവർ മടക്കിക്കൊണ്ടുവരാതായതോടെ വാടകക്ക് കൊടുക്കൽ നിർത്തി.
പിന്നീട് സൈക്കിൾ റിപ്പയറിംഗ് മാത്രമായി. കട നടത്തുന്നുണ്ടെങ്കിലും കാര്യമായ വരുമാനമൊന്നും ലഭിക്കുന്നില്ല.
ചില ദിവസങ്ങളിൽ ഒരു രൂപ പോലും കിട്ടില്ല. എന്നാലും ചെറുപ്പത്തിൽ തോന്നിയ ഈ ജോലിയോടുള്ള ഇഷ്ടം ഇപ്പോഴും മനസിൽ കാത്തുവെക്കുന്നു. വീട്ടിരുന്നാൽ വല്ലാതെ വിരസത തോന്നും.
അതുകൊണ്ട് തന്നെ രാവിലെ മുള്ളൻകൊല്ലിയിലെ കടയിലെത്തും. പത്തും, മുപ്പതും രൂപയൊക്കെയാണ് മിക്ക ദിവസങ്ങളിലും കിട്ടാറുള്ളത്.
എന്നാൽ അതൊന്നും പ്രശ്നമല്ല. ഈ ജോലി മരണം വരെ തുടരുമെന്നും ചാക്കോ കൂട്ടിച്ചേർക്കുന്നു. സൈക്കിൾ റിപ്പയറിംഗ് ഇല്ലെങ്കിൽ യാത്ര പോകാനാണിഷ്ടം.
വെറുതെയിരിക്കുന്പോൾ കോഴിക്കോട് വരെ പോയി മടങ്ങിവരാറുണ്ട്. അതൊക്കെ തന്നെയാണ് മനസിനുള്ള സന്തോഷം. എഴുപതുകളിൽ മികച്ച വരുമാനമാർഗമായിരുന്നു സൈക്കിൾ റിപ്പയറിംഗ്.
അക്കാലത്ത് മുള്ളൻകൊല്ലി സഹകരണ ബാങ്കിൽ ആറാം നന്പറായി അക്കൗണ്ട് എടുത്തതും പണം മിച്ചം പിടിച്ചതുമെല്ലാം ഇപ്പോഴും ഓർമ്മയിലുണ്ട്.
ഇന്ന് വീണ്ടും സൈക്കിളിന് പ്രചാരം ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരേതയായ ചിന്നമ്മയാണ് ചാക്കോയുടെ ഭാര്യ. ആറ് മക്കളുണ്ട്.
ഇത്രയും കാലം സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിയിട്ട് എന്ത് നേടിയെന്ന ചോദ്യത്തിന് നാട്ടുകാരുടെ സ്നേഹമാണെന്നാണ് നാട്ടുകാരുടെ പ്രിയപ്പെട്ട സൈക്കിൾ കുഞ്ഞിന്റെ മറുപടി.