ബിജോയ് ജോസഫ്
നീർവാരം (വയനാട്): മധ്യവേനൽ അവധിക്കുശേഷം സ്കൂൾ തുറക്കുന്ന ആ ദിനം…
പുത്തൻമണം മാറാത്ത യൂണിഫോമുമിട്ട് പുതുപുത്തൻ പഠനസാമഗ്രിഹികൾ പേറുന്ന സ്കൂൾ ബാഗും തോളിലിട്ട് സ്കൂൾ പടികൾ ആവേശത്തോടെ ഒാടിക്കയറുന്ന വിദ്യാർഥികളുടെ സന്തോഷത്തിനുമപ്പുറം സ്കൂളിലെത്താൻ കൊതിക്കുന്ന മനസുമായി വയനാട്ടിലെ ഒരു കൊച്ചു സ്കൂളിൽ ഒരു കുഞ്ഞുണ്ട്…
അതേ എല്ലാവരുടേയും പ്രിയപ്പെട്ട കുഞ്ഞേട്ടൻ…സ്കൂളിന്റെ കരുത്തും ശ്വാസവും സ്പന്ദനവും എല്ലാം ഇൗ കൊച്ചു മനുഷ്യനിലാണ്. ഇൗ വിദ്യാലയത്തിന്റെ ഒാരോ വളർച്ചയിലും ആ കുഞ്ഞുകൈകൾ നിശബ്ദമായി പിന്നിലുണ്ട്.
നാൽപ്പതു വർഷമായി നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ എല്ലാമെല്ലാമാണ് കുഞ്ഞേട്ടൻ എന്ന 69 കാരനായ പടിഞ്ഞാറേക്കര വേലായുധൻ.
1982-83 കാലഘട്ടം മുതൽ സ്കൂളിന്റെ ഭാഗമായി മാറിയ കുഞ്ഞേട്ടന്റെ കൈയിലെ താക്കോൽക്കൂട്ടത്തിൽ സ്കൂൾ എന്നും ഭദ്രം. പാലക്കാട്ടുനിന്നു വയനാട്ടിലെത്തിയതാണ് കുഞ്ഞേട്ടന്റെ കുടുംബം.
ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടമായതോടെ അമ്മവീട്ടിൽ സ്ഥിരതാമസമാക്കി വേലായുധൻ. കേൾവിക്കുറവും സംസാരവൈകല്യവും വേലായുധന്റെ വിദ്യാഭ്യാസത്തിന് വിലങ്ങു തടിയായി.
സ്കൂളിന്റെ പടി ചവിട്ടാൻ കഴിയാതെപോയ ബാല്യം. എന്നാൽ ആ വേലായുധൻ പതിറ്റാണ്ടുകളായി ഇൗ വിദ്യാലയത്തിന്റെ കാവൽക്കാരനായി നിലകൊള്ളുന്നു.
സ്കൂളിലെ പാചകക്കാരിയായ ബന്ധു തങ്കമ്മയോടൊപ്പമാണ് വേലായുധൻ നീർവാരം സ്കൂളിൽ കാലുകുത്തുന്നത്. തങ്കമ്മയെ സഹായിച്ച് തുടങ്ങിയ സ്കൂൾ ജീവിതം വേലായുധനെ കുഞ്ഞേട്ടനാക്കിമാറ്റി.
കുഞ്ഞേട്ടാ എന്ന് നീട്ടിവിളിക്കാൻ ആരും പഠിപ്പിച്ചതല്ല. സ്കൂളിലെ ഒാരോ മണൽത്തരികൾ പോലും കൊഞ്ചലോടെ ഇൗണത്തോടെ നീട്ടിവിളിക്കാറുണ്ട് അങ്ങനെ.
ഒരിക്കൽ നീർവാരം ഹൈസ്കൂളിന്റെ പടികയറിയവരാരും സ്കൂൾ വളപ്പിലൂടെ ചുറുചുറുക്കോടെ ജോലികൾ ചെയ്യുന്ന ഇൗ കുഞ്ഞ് മനുഷ്യനെ മറക്കാനിടയില്ല.
അദ്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണ് കുഞ്ഞേട്ടന്റേത്. കുഞ്ഞേട്ടൻ സ്കൂളിലെ ആരാണെന്ന് ചോദിച്ചാൽ കുഞ്ഞേട്ടനാണ് നീർവാരത്തിന്റെ ജീവാത്മാവും പരമാത്മാവും എന്നാണ് എല്ലാവർക്കും പറയാനുള്ളത്.
സ്കൂളിലെ ഒരു ജീവനക്കാരൻ പോലുമല്ലെങ്കിലും കുഞ്ഞേട്ടനെത്തിയില്ലങ്കിൽ അത് നികത്താനാകാത്ത ഒരു വിടവാണ്.
കുഞ്ഞേട്ടൻ രാവിലെതന്ന സ്കൂളിലെത്തും. ഗേറ്റ് തുറക്കും. പത്രവുമായി സ്റ്റാഫ് റൂമിലേക്ക്. ക്ലാസ് മുറികളുടെ താക്കോലുകളെല്ലാം കൃത്യമായി അറിയാവുന്ന ഒരേഒരാൾ ചിലപ്പോൾ കുഞ്ഞനായിരിക്കും. പിന്നീട് കഞ്ഞിപ്പുരയിലേക്ക് സഹായിയായി. ഭക്ഷണം ഉണ്ടാക്കുന്നിടത്തും വിളന്പുന്നിടത്തുമെല്ലാം സജീവമാകുന്നു.
സ്കൂളിലെ ജീവനക്കാർക്കുള്ള ചായ വയ്ക്കുക എന്നതാണ് ശരിക്കും കുഞ്ഞനെ ചുമതലപ്പെടുത്തിയ ജോലി. വലിയ വാച്ചും കൈയിൽകെട്ടി നടക്കുന്ന കുഞ്ഞൻ ഒരിക്കലും വാച്ചു നോക്കുന്നത് കണ്ടിട്ടില്ല.
മനസിലെ ഘടികാരത്തിൽ കൃത്യമായി അടയാളപ്പെടുത്തിയ സമയം ഒരിക്കലും തെറ്റാറുമില്ല. ചായ ഗ്ലാസുകളുമായി ഒാരോ ജീവനക്കാരുടെയുമടുത്ത് അവർ ലാബിലോ ലൈബ്രറിയിലോ എവിയെയായാലും ഒരോരുത്തരേയും കണ്ടുപിടിച്ച് ചായ നൽകി തിരിച്ച് ഗ്ലാസുകളും പാത്രങ്ങളും കഴികി വയ്ക്കുന്നത് ഒരു അമ്മയുടെ കരുതലോടെ എന്ന് എല്ലാ അധ്യാപകരും ഒാർമിക്കുന്നു.
ബെല്ലടിക്കാൻ ഒരു മിനിട്ട് വൈകിയാൽ സ്കൂൾ ഗേറ്റ് അടയ്ക്കാൻ മറന്നാൽ കുഞ്ഞൻ തന്റെ അവ്യക്തമമായ ഭാഷയിൽ ഒാർമപ്പെടുത്തുന്നതും ശണ്ഠ കൂടുന്നതും കാണാം.
ആരാണ് കുഞ്ഞേട്ടനെ ഇൗ ചുമതലകൾ ഏൽപ്പിച്ചത് എന്നത് ആർക്കും നിശ്ചയമില്ല. ചായവയ്ക്കുന്നതിനു മാത്രമാണ് അദ്ദേഹം വേതനം കൈപ്പറ്റുന്നത്. ബാക്കിയെല്ലാം കാലത്തിന്റെ പ്രയാണത്തിൽ അയാൾ സ്വയം ഏറ്റെടുത്തതാണ്.
കുട്ടികൾ ഏവരുടേയും പ്രിയങ്കരനാണ് കുഞ്ഞേട്ടൻ. എന്ത് ആവശ്യത്തിനും അവർക്ക് സമീപിക്കാവുന്ന സ്കൂളിലെ ഒരാളായിട്ടു തന്നെയാണ് കുട്ടികൾ കുഞ്ഞേട്ടനെ കാണുന്നത്. ചിലപ്പോൾ കുഞ്ഞിപ്പൊതികളിൽ കുട്ടികൾക്ക് മിഠായികൾ കൈമാറും.
സ്കൂളിലെ ഏതെങ്കിലും കുട്ടികൾക്ക് എന്തെങ്കിലും അപകടം പറ്റിയാലോ കുട്ടികൾ എന്തെങ്കിലും കുസൃതി കാട്ടിയാലോ അവിടെ പാഞ്ഞെത്തും കുഞ്ഞേട്ടൻ.
വിദ്യാലയം കുഞ്ഞേട്ടന് സ്വന്തം വീടു തന്നെയാണ്. ഒരു ഗൃഹനാഥന്റെ ഉത്തരവാദിത്വത്തോടെ അദ്ദേഹം ജോലികൾ സ്വയം ഏറ്റെടുത്ത് ചെയ്യുന്നു.
സ്കൂളിന്റെ പടിയിറങ്ങിപ്പോയ പൂർവകാല വിദ്യാർഥികളുടേയും അധ്യാപകരുടേയും ഒാർമയിലെ ജ്വലിക്കുന്ന നിറസാന്നിധ്യമായി കുഞ്ഞേട്ടനുണ്ട്.
ഇൗ 40 വർഷങ്ങളിൽ വിദ്യാലയത്തിലൂടെ ഒരുപാടുപേർ കടന്നുപോയി. സ്കൂളിനും ഒരുപാട് മാറ്റമുണ്ടായി. എന്നാൽ മാറ്റമില്ലാതെ തുടരുന്നത് കുഞ്ഞേട്ടനെന്ന നിശബ്ദ സാന്നധ്യം മാത്രമാണ്.
എന്നാലിപ്പോൾ കുഞ്ഞേട്ടന്റെ ജീവിതവും ലോക്ഡൗണിൽ കുരുങ്ങി. ഒരു ദിവസം പോലും ലീവാക്കാതെ സ്കൂളിലെത്തിച്ചേരുന്ന കുഞ്ഞേട്ടൻ ഇപ്പോൾ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിയാത്തതും പഠനം മുടങ്ങുന്നതുമെല്ലാം വളറെ ദുഃഖത്തോടെ നോക്കിക്കാണുന്നു.
ലോക്ഡൗണിലും അതിരാവിലെ തന്നെ ചായകുടി കഴിഞ്ഞ് സ്കൂളിലേക്ക് പുറപ്പെടും. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും സ്കൂളിലേക്ക്. സ്കൂൾ തുറന്നില്ലെങ്കിലും ആ ചുറ്റുവട്ടത്തുതന്നെയുണ്ടാകും കുഞ്ഞേട്ടൻ.
അവധിക്ക് സ്കൂൾ അടയ്ക്കുന്നതാണ് കുഞ്ഞേട്ടന്റെ ഏറ്റവും വലിയ ദുഃഖം. ഒാണത്തിനും വിഷവിനും സ്കൂളിന്റെ വക കോടിയുണ്ട്. പത്താം ക്ലാസിന്റെ യാത്രയയപ്പ് ദിവസം കുഞ്ഞേട്ടന് പുത്തൻ കോടി നൽകുന്നതും ഒരു ചടങ്ങായി മാറി.
അധ്യാപകർ സ്നേഹത്തോടെ വച്ചുനീട്ടുന്ന സമ്മാനങ്ങളും വസ്ത്രങ്ങളുമാണ് കുഞ്ഞേട്ടന്റെ ഏറ്റവും വലിയ സന്തോഷം.