കരുവാരക്കുണ്ട്: ആകെയുണ്ടായിരുന്ന വീട് കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ തകർന്നതോടെ എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് കരുവാരക്കുണ്ട് കക്കറയിലെ ഒരു കുടുംബം. മാനസിക വൈകല്യമുള്ള മകളെയും നിത്യരോഗിയായ മകനെയും പരിചരിക്കുന്ന ഏഴുപത്തിയാറുകാരിയായ ചൂരക്കുണ്ടിൽ കുഞ്ഞിയാണ് അധികൃതരുടെ കനിവിനായി തേടുന്നത്.
വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്ന കുടുംബമാണ് കുഞ്ഞിയുടേത്. വാർധക്യം ബാധിച്ച ഇവർക്ക് ജോലിക്കു പോകാൻ സാധിക്കില്ല. വീടിനു പുറത്തിറങ്ങണമെങ്കിൽ പരസഹായമില്ലാതെ കഴിയില്ല. ഇതോടൊപ്പം നിത്യരോഗിയായ മകൻ ഉണ്ണികൃഷ്ണനെയും ജന്മനാ മാനസിക വൈകല്യമുള്ള മകൾ വസന്തയെ പരിചരിക്കുകയും വേണം. ഇതിനിടയിലാണ് കഴിഞ്ഞദിവസം കക്കറ മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ ആകെ ഉണ്ടായിരുന്ന വീടും വാസയോഗ്യമല്ലാതായി തീർന്നത്.
കുഞ്ഞിക്ക് ലഭിക്കുന്ന വാർധക്യ പെൻഷനും മകൾ വസന്തയ്ക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാന മാർഗം. 15 വർഷം മുന്പു വരെ മകൻ ഉണ്ണികൃഷ്ണൻ ജോലിക്ക് പോയിരുന്നങ്കിലും അപൂർവരോഗം പിടിപെട്ടതോടെ കാൽവിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നു.
മരുന്നും ചെറിയ തോതിലുള്ള ചികിൽസയുമൊക്കെ പാലിയേറ്റീവിൽ നിന്നു ലഭിക്കും. ഇപ്പോൾ സഹോദരൻ ദാസന്റെ വീട്ടിലാണ് കുഞ്ഞിയും കുടുംബവും താമസം. എന്നാൽ സ്വന്തം കുടുംബത്തെ പോറ്റാൻ തന്നെ കഷ്ടപ്പെടുന്ന ദാസനു സഹോദരിയുടെ കുടുംബത്തിന് അഭയം നൽകുന്നതിൽ പരിമിതികൾ ഏറെയാണ്.
അധികൃതർ കനിഞ്ഞെങ്കിൽ മാത്രമേ കുഞ്ഞിയുടെ വീട് പുനർനിർമിക്കാൻ കഴിയൂ. അല്ലാത്ത പക്ഷം നിത്യരോഗികളായ മക്കളെയും കൂട്ടി എങ്ങോട്ട് പോകുമെന്നറിയാതെ വലയുകയാണ് ഈ വയോധിക.