തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മരിച്ചതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച പിണറായി വധോദ്യമ കേസിനും അവസാനമാകുന്നു. ഡിസംബറില്‍ കേസ് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് കേസിലെ പ്രതി നാദാപുരം വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ ഇന്നലെ മരണമടഞ്ഞത്.
കുഞ്ഞികൃഷണന്‍ നമ്പ്യാരുടെ മരണ സര്‍ട്ടിഫിക്കറ്റ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കുന്നതോടെ കേസ് കോടതി അവസാനിപ്പിക്കും.പിണറായിയുടെ വീടിനു സമീപത്തു നിന്നും പിണറായിയെ ലക്ഷ്യം വെച്ച് തോക്കും കൊടുവാളുമായി എത്തിയ കുഞ്ഞികൃഷ്ണന് നമ്പ്യാരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടി കൂടുകയായിരുന്നു.
2016 മെയ് മാസത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ.പ്രഭാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ കേസിന്റെ കുറ്റപത്രം തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
റവല്യൂഷനറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖനെ കൊന്ന വിരോധത്താല്‍ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ പിണറായിയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 0.22 കാലിബര്‍ എയര്‍ഗണ്ണും 23 സെന്റിമീറ്റര്‍ നീളമുള്ള കൊടുവാളുമായി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിന് 85 മീറ്റർ സമീപത്തെത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
കുഞ്ഞികൃഷ്ണനില്‍ നിന്നും പിടികൂടിയ തോക്ക് ഉപയോഗിച്ചാല്‍ അപകടം സംഭവിക്കുമെന്ന വിദഗ്ദ സംഘത്തിന്റെ ശാസ്ത്രീയമായ റിപ്പോര്‍ട്ടും സംഭവ ദിവസം കുഞ്ഞികൃഷ്ണന് നമ്പ്യാരില്‍ നിന്നും പിടികൂടിയ തോക്കും കത്ത്യാളും പിന്നീട് കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത വെടിയുണ്ടകളും വെടിമരുന്നുമുള്‍പ്പെടെയുള്ള വസ്തുക്കളും ഇവയെല്ലാം പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു.
ഈ കേസില്‍ എക്സപ്ലോസീവ് സബ്സ്റ്റന്റ്സ് ആക്ടും ആംസ് ആക്ടും ഉള്ളതിനാല്‍ സര്ക്കാന് അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തൊണ്ടി മുതലായി കണ്ടെടുത്ത തോക്ക് എയര്‍ഗണ്ണാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഈ എയര്‍ഗണ്‍ ഉപയോഗിച്ച് അടുത്ത് നിന്നും വെടി ഉയര്‍ത്തിയാല്‍ ജീവന് അപകടം സംഭവിക്കുമെന്ന് വിദഗ്ദര്‍ അന്വാഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞികൃഷ്ണനില്‍ നിന്നും പിടികൂടിയ തോക്ക് എയര്‍ ഗണ്ണാണെന്ന സ്ഥിരീകരണമുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട് ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍.വേണു,ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമ, പിതാവ് മാധവന് എന്നിവരുള്‍പ്പെടെ 125 സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി നാദാപുരം, വളയം, ഒഞ്ചിയം ഭാഗങ്ങളില്‍ നടന്നിട്ടുള്ള ആര്‍എംപി യുടെ പൊതുയോഗങ്ങളുടേയും നേതാക്കളുടെ പ്രസംഗത്തിന്റെയും വീഡിയോ ക്ലിപ്പിംഗുകള്‍ അന്വേഷണ സംഘം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണന് സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു.
2013 ഏപ്രില്‍ 3 ന് രാത്രി 8.15 ഓടെയാണ് പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിനു സമീപത്തു നിന്നും തോക്കുമായി കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ പിടികൂടിയത്.