കുഞ്ഞിമംഗലം: നൂറു വർഷം തികയുന്ന സ്കൂളിന് കളിസ്ഥലം തിരിച്ചുപിടിക്കാൻ ഒരു നാട് കൈകോർക്കുന്നു. കുഞ്ഞിമംഗലം ഗവ. സെൻട്രൽ യുപി സ്കൂളിനാണ് നഷ്ടപ്പെട്ട കളിസ്ഥലം തിരികെ നൽകാൻ നാട് കൈകോർക്കുന്നത്. 87 സെന്റ് സ്ഥലത്ത് വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആ സമയത്ത് സ്കൂളിന് ചുറ്റം നിറയെ കളിസ്ഥലമുണ്ടായിരുന്നു. കുട്ടികൾ ഓടി കളിച്ചിരുന്ന ആ സ്ഥലമാണ് 2013ൽ ഇല്ലാതായത്.
2013ൽ സ്ഥലമുടമ സ്കൂളിന് 22 സെന്റ് സൗജന്യമായി നൽകി. ബാക്കി സ്ഥലം മറ്റൊരാൾക്ക് വിറ്റു. ഇതോടെ സ്കൂളിൽ അസംബ്ലി ചേരാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയായി. ഇപ്പോൾ 350ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവർക്ക് സ്വതന്ത്രമായൊന്ന് നടക്കാൻ പോലും ഇന്ന് ഇവിടെ സ്ഥലമില്ല. സ്കൂളിന്റെ ശതാബ്ദി ആഘോഷം നടത്തുന്നതിനായി ചേർന്ന യോഗത്തിലാണ് കളിസ്ഥലം വീണ്ടെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ച ആരംഭിച്ചത്.
ഒരു കോടി ആറു ലക്ഷം രൂപയാണ് സ്കൂളിനു മുന്നിലെ സ്ഥലം ഏറ്റെടുക്കാൻ വേണ്ട തുക. ഭീമമായ ഒരു തുകയാണ് വേണ്ടതെങ്കിലും സ്കൂൾ വികസനസമിതി തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയില്ല. 56 ലക്ഷം പിരിച്ചെടുക്കാനും 50 ലക്ഷം നാട്ടുകാരിൽ നിന്ന് പലിശരഹിത വായ്പയായി സമാഹരിക്കാനും തീരുമാനിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമൻ ചെയർമാനും സ്കൂൾ പ്രധാനധ്യാപകൻ എൻ. സുബ്രഹ്മണ്യൻ കൺവീനറുമായി സമിതി രൂപീകരിച്ചു.
രക്ഷിതാക്കളും അധ്യാപകരും പൂർവവിദ്യാർഥികളും പൂർവ അധ്യാപകരും നാട്ടുകാരും കൈകോർത്തപ്പോൾ സ്വപ്നം അരികിലെത്തി. നാട്ടുകാരായ പ്രവാസികൾ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് നടത്തിയ പരിശ്രമവും ഫലം കണ്ടു. യാതൊരു മടിയുമില്ലാതെ നാടിന്റെ ആവശ്യം എന്ന നിലയിൽ ജനങ്ങൾ കമ്മിറ്റിയുമായി സഹകരിച്ചപ്പോൾ സ്വപ്നം കൈയെത്തുദൂരത്തായി.
അടുത്തദിവസം തന്നെ സ്ഥലം രജിസ്റ്റർ ചെയ്യണം എന്ന ആഗ്രഹത്തിലാണ് സ്കൂൾ വികസന സമിതി. സ്കൂൾ മുറ്റത്ത് കുട്ടികളുടെ കളിയാരവം നിറയാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. അതിനായ് കൂടുതൽ തുക ഇനിയും ആവശ്യമുണ്ട്. സ്കൂൾ വികസന സമിതിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ട് നന്പർ: 0813101071754. ഐഎഫ്എസ്സി കോഡ്: സിഎൻആർബി 0000813. കാനറ ബാങ്ക്, പയ്യന്നൂർ ബ്രാഞ്ച്.