ശ്രീകണ്ഠപുരം: ബൈക്ക് മറിഞ്ഞ് എഎസ്ഐ മരിച്ചു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബ്ലാത്തൂരിലെ കെ.വി. കുഞ്ഞിനാരായണൻ (48) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ണേരി ഇറക്കത്തിൽ ബൈക്ക് തെന്നിമറിയുകയായിരുന്നുവെന്ന് പറയുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിച്ചു.
കുറ്റാന്വേഷണ രംഗത്ത് കഴിവ് തെളിയിച്ച കുഞ്ഞിനാരായണൻ സർവീസ് ജീവിതത്തിനിടെ നിരവധി കേസുകൾ തെളിയിച്ചിരുന്നു. മലയോര മേഖലയിലെ നിരവധി കവർച്ചാ കേസുകളിലും പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിലും കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു.
രണ്ട് മാസം മുമ്പ് ശ്രീകണ്ഠപുരം സെൻട്രൽ ജംക്ഷന് സമീപം മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതിയെ മൂന്നുദിവസം കൊണ്ടാണ് പിടികൂടിയത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ബ്ലാത്തൂർ ശ്മശാനത്തിൽ നടക്കും. ചാത്തുക്കുട്ടി-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: മനൂജ, മകൾ: നിജ. സഹോദരങ്ങൾ: ബിജു, നിർമല, ചന്ദ്രിക, ഷീജ.