അടിമാലി: കുഞ്ചിതണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ നിന്നും മനുഷ്യന്റെ ശരീര ഭാഗം കണ്ടെടുത്തു. അരയ്ക്ക് താഴോട്ടുള്ള ഒരുകാലാണ് പുഴയുടെ തീരത്ത് കാണപ്പെട്ടത്.
വെള്ളത്തുവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഒരു മാസത്തിനുള്ളില്‍ മൂന്നാര്‍ ആറ്റുകാട്, പവ്വര്‍ ഹൗസ് എന്നിവടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ കാണാതായിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെ ഇവരുടേതാണോ ശരീരമെന്ന് പൊലീസ് സ്ഥിരീകരിക്കും. കുഞ്ചിതണ്ണി ഗവ. സ്കൂളിന് താഴ്ഭാഗത്തായിട്ടുള്ള പുഴയിലാണ് കാല് മാത്രമായി കണ്ടെത്തിയത്.
രാവിലെ പത്തുമണിയോടെ സമീപവാസിയായ തോമസ്സും ഭാര്യയും പുല്ലുചെത്തുന്നതായി ആറിന്റെ തീരത്തെത്തിയപ്പോളാണ് അഴുകിത്തുടങ്ങിയ മനുഷ്യന്റെ കാല് കണപ്പെട്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരമറിക്കുകയും വെള്ളത്തുവല്‍ എസ് ഐ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.
മാന്‍ മിസിംഗ് കേസ്സുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്നാര്‍ ആറ്റുകാട്ടില്‍ നിന്നും മണികണ്ഠന്റെ മകള്‍ വിജിയേയും, ഒന്നരയാഴ്ച്ചമുമ്പ് പള്ളിവാസല്‍ എട്ടാം വാര്‍ഡ് പവ്വര്‍ ഹൗസ്സിലുള്ള പൂങ്കുടിയില്‍ ശിവരാമന്റെ മകള്‍ സന്ധ്യയേയും കാണാതായിരുന്നു.ഇത് സംബന്ധിച്ച പരാതിയും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയിട്ടുണ്ട്. ഇവരില്‍ ആരുടെയെങ്കിലുമാണോ ശരീര ഭാഗം എന്നത് സംമ്പന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവരുടേയും ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും തിരച്ചറിയുവാന് കഴിഞ്ഞിട്ടില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശരീരഭാഗം ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയി.