ഇംഗ്ലണ്ടിലെ സെവൻ ട്രീസ് ദന്താശുപത്രിയിലെ ഡോക്ടർമാർക്ക് കഴി ഞ്ഞ ദിവസം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. തങ്ങളുടെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അവർക്ക് ആവശ്യമായ ചികിത്സ നൽകുക എന്നത് ഈ ഡോക്ടർമാർ എന്നും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്നലെ ഇവിടെ പല്ലുപറിക്കാനെത്തിയത് വെറും 12 ദിവസം മാത്രം പ്രായമുള്ള ഒരു പെണ്കുഞ്ഞായിരുന്നു.
ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രോഗിയായിരുന്നു ഇസ്ല റോസ്. ജനിച്ചപ്പോൾത്തന്നെ അവളുടെ വായിൽ ഒരു കുഞ്ഞു പല്ലുണ്ടായിരുന്നു. ഇത് മോണയിൽ ഉറച്ചിട്ടില്ലാത്തതിനാൽ അത് പറിച്ചുകളയാനാണ് റോസിന്റെ അമ്മ ജാസ്മിൻ അവളെയുമായി ദന്താശുപത്രിയിലെത്തിയത്. ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞു റോസിന്റെ വായിലെ കുഞ്ഞു പല്ലു നീക്കം ചെയ്തത്.
പ്രായം തീരെക്കുറവായതിനാൽ കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് മുന്പ് അനസ്തേഷ്യ നൽകാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് മോണ മരവിപ്പിക്കാനുള്ള മരുന്ന് പുറമെ പുരട്ടിയിട്ടാണ് ശസ്ത്രക്രിയ നടത്തിയത്. വായിലെ പല്ലു പറിച്ചുകളയാൻ റോസിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ലഭിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു.
അപൂർവമായി മാത്രമാണ് കുഞ്ഞുങ്ങളിൽ ജന്മനാ പല്ലുകൾ കാണപ്പെടുന്നത്. മോണ ഉറയ്ക്കാത്തതിനാൽ ഈ പല്ല് പറിഞ്ഞ് കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ കടക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് ഇവ പറിച്ചു കളയുന്നത്.