തൃശൂർ: 4,200 കുഞ്ഞുങ്ങളുടെ അമ്മയാകാനുള്ള അത്യപൂർവമായ ഭാഗ്യം. ഇത്രയേറെ കുഞ്ഞുങ്ങളെ പരിലാളിച്ചും താരാട്ടുപാടി ഉറക്കിയും വളർത്തിയ അമ്മയുടെ പേര് ‘കുഞ്ഞു സിസ്റ്റർ’.
സുവർണ ജൂബിലി ആഘോഷിക്കുന്ന പുല്ലഴിയിലെ സെന്റ് ക്രിസ്റ്റീനാ ഹോമിലെ ഹോളി ഏഞ്ചൽസ് ഫോണ്ട്ലിംഗ് ഹോമിലാണു കുഞ്ഞു സിസ്റ്ററിന്റെ സേവനം. യഥാർഥ പേര് സിസ്റ്റർ മേരി തൃക്കൂക്കാരൻ.
ജാതിഭേദമില്ലാതെ, അവിവാഹിതരായ അമ്മമാരെ ആത്മഹത്യയിൽനിന്നു രക്ഷിക്കാൻ തൃശൂർ അതിരൂപത 1967 ഓഗസ്റ്റ് 15 ന് ആരംഭിച്ചതാണ് ഈ കേന്ദ്രം. അന്പതു വർഷത്തിനിടെ 8,400 യുവതികൾക്കും കുഞ്ഞുങ്ങൾക്കും അഭയമേകി. 4,200 അമ്മമാരും അത്രതന്നെ കുഞ്ഞുങ്ങളും.
പ്രസവിച്ചു ദിവസങ്ങൾക്കകം അമ്മമാർ ഉപേക്ഷിച്ചുപോയ 4,200 ചോരക്കുഞ്ഞുങ്ങളേയും കുഞ്ഞു സിസ്റ്റർ വളർത്തിയത് ‘താഴെവച്ചാൽ ഉറുന്പരിക്കും, തലയിൽവച്ചാൽ പേനരിക്കു’മെന്ന കരുതലോടെ. രണ്ടോ നാലോ വർഷം കഴിയുന്പോഴേക്കും സർക്കാർ നിർദേശിക്കുന്ന ദന്പതികൾക്കു കുഞ്ഞിനെ ദത്തു നൽകുന്പോൾ നനവാർന്ന കണ്ണുകളോടെ യാത്രയാക്കി. പിന്നീടു വളർന്നു വലുതായ മക്കൾ ആദ്യ അമ്മയെയും അഭയകേന്ദ്രത്തെയും നന്ദിയോടെ കാണാനെത്തിയപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചതും പഴയ അതേ വാത്സല്യത്തോടെ.
ഇത്തരം കുഞ്ഞുങ്ങൾ ധാരാളമുള്ള ഒരു കാലമുണ്ടായിരുന്നു. വിസർജ്യങ്ങൾ നീക്കിയും കുളിപ്പിച്ചും ആട്ടുതൊട്ടിലിൽ കിടത്തും. പാലും കുറുക്കും അടങ്ങുന്ന ഭക്ഷണം കൊടുക്കും. കരയുന്നവരെ മാറോടണച്ചു സാന്ത്വനിപ്പിക്കും, കളിക്കോപ്പുകളുടെ സഹായത്തോടെ കളിപ്പിക്കും. താരാട്ടുപാടി ഉറക്കും. ഒരു ഭാഗത്തുനിന്നു കാര്യങ്ങൾ ചെയ്തു വരുന്പോഴേക്കും മറുഭാഗത്തു കുഞ്ഞുങ്ങളുടെ ബഹളമായിട്ടുണ്ടാകും. ഒരേസമയം മൂന്നു കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യേണ്ട അവസ്ഥ മിക്കപ്പോഴും ഉണ്ടാകാറുണ്ട്: കുഞ്ഞു സിസ്റ്റർ ഓർക്കുന്നു.
ബിഷപ് മാർ ജോർജ് ആലപ്പാട്ടായിരുന്നു സെന്റ് ക്രിസ്റ്റീനാ ഹോമിന്റെ സ്ഥാപകൻ. പാവങ്ങളുടെ പിതാവ് എന്നറിയപ്പെട്ട മാർ ജോസഫ് കുണ്ടുകുളം മെത്രാനാകുന്നതിനു മുന്പ് ഫാ. ജോസഫ് വിളങ്ങാടനുമൊന്നിച്ചാണു ജീവകാരുണ്യ രംഗത്തെ വിപ്ലവമായ ഈ കേന്ദ്രത്തിനു തുടക്കമിട്ടത്. ക്രിസ്റ്റീനാ ഹോമിൽ ഇപ്പോൾ 94 അമ്മമാരെയാണു സംരക്ഷിക്കുന്നത്. അതേസയമം, കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ പരിപാലന കേന്ദ്രത്തിൽ ഇപ്പോൾ 22 കുഞ്ഞുങ്ങളേയുള്ളൂ.
കിടപ്പുരോഗികൾ അടക്കമുള്ളവരെ പരിപാലിക്കാൻ മാർ ജോസഫ് കുണ്ടുകുളം ഫാ. ജോസഫ് വിളങ്ങാടനുമൊന്നിച്ച് 1971ൽ ആരംഭിച്ച നിർമലദാസി സന്യാസിനിസമൂഹത്തിലെ അംഗമാണു കുഞ്ഞു സിസ്റ്റർ. സന്യാസിനിസമൂഹത്തിൽ ചേർന്ന 1972 മുതൽ 45 വർഷമായി ഈ കേന്ദ്രത്തിൽ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതു കുഞ്ഞു സിസ്റ്ററിന്റെ നേതൃത്വത്തിലാണ്. ഒന്നര ഡസൻ അവാർഡുകൾ നേടിയിട്ടുണ്ട്. ക്രിസ്റ്റീനാ ഹോമിൽ ചിത്രീകരിച്ച ദിവാൻജിമൂല എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു.
സുവർണ ജൂബിലി ആഘോഷിക്കുന്ന സെന്റ് ക്രിസ്റ്റീനാ ഹോമിൽ പരിശീലനം നേടിയവരും സേവനമനുഷ്ഠിച്ചവരുമായ സിസ്റ്റർമാരുടെ സംഗമം നാളെ നടക്കും. രാവിലെ 10.30 നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന സമൂഹബലിയിൽ 50 വൈദികർ സഹകാർമികരാകും. തുടർന്നു സന്യസ്ത സംഗമവും സ്നേഹവിരുന്നും.
സൂവർണ ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 15 നാണ്്. വൈകുന്നേരം 5.30 നു പൊതുസമ്മേളനം ആരംഭിക്കും. ക്രിസ്റ്റീനാ ഹോമിൽ അഭയം തേടിയെത്തിയ അമ്മമാരെ പുനരധിവസിപ്പിക്കാൻ അന്പതു ഭവനങ്ങൾ നിർമിച്ചുനൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളോടെയാണു ജൂബിലി ആഘോഷമെന്നു സെന്റ് ക്രിസ്റ്റീനാ ഹോം ഡയറക്ടർ ഫാ. ജോണ്സണ് ചാലിശേരി അറിയിച്ചു.
ഫ്രാങ്കോ ലൂയിസ്