തിരുവനന്തപുരം: ജയിലിലെ അന്തേവാസികൾക്ക് അവധിയും അടിയന്തര അവധിയും നൽകുന്നത് സാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ നിയമങ്ങൾ അനുസരിച്ച് മാത്രമാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്.
ടിപി കേസിലേയും യുഡിഎഫുകാരായ അഞ്ച് പേരുടേയും കാര്യമാണ് സമിതിക്ക് മുന്നിൽ വന്നത്. നടപടികളിൽ രാഷ്ട്രീയ പ്രേരണ ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
രാഷ്ട്രീയ കൊലപാതക കേസുകളിൽ ജീവപര്യന്തം തടവനുഭവിക്കുന്നവർക്ക് ശിക്ഷ ഇളവ് നൽകുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.
ശിക്ഷായിളവ് നൽകുന്നതിന് ചട്ടങ്ങളുണ്ടെന്ന് സണ്ണി ജോസഫ് സഭയിൽ പറഞ്ഞു. അപ്പീൽ നിലനിൽക്കുന്നുണ്ടെങ്കിൽ ഇളവ് നൽകാൻ പാടില്ലെന്നാണ് ചട്ടം. ടി.പി. കേസിൽ സർക്കാരിന്റെ അപ്പീൽ കോടതിയിലുണ്ട്. സുപ്രീം കോടതി വിധിയടക്കം മറികടന്നാണ് പി.കെ. കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാൻ ശ്രമമെന്നും സണ്ണി ജോസഫ് സഭയിൽ പറഞ്ഞു.