തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാൻ സർക്കാർതലത്തിൽ ശ്രമങ്ങൾ തുടരുന്നു. പോലീസിനു പിന്നാലെ സാമൂഹ്യനീതി വകുപ്പും ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുകയാണ്.
കുഞ്ഞനന്തനെ മോചിപ്പിക്കുന്നതിൽ നിലപാട് ആരാഞ്ഞു സാമൂഹ്യനീതി വകുപ്പ് പ്രൊബേഷനറി ഓഫീസർ, ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമയെ സമീപിച്ചു. എന്നാൽ കേസ് ഹൈക്കോടതിയിൽ ആയതിനാൽ പ്രതിയെ വെറുതെ വിടരുതെന്നും കുഞ്ഞനന്തൻ പുറത്തിറങ്ങിയാൽ ഭീഷണിയുണ്ടാകുമെന്നും താൻ മറുപടി നൽകിയതായി കെ.കെ.രമ അറിയിച്ചു.
70 വയസ് കഴിഞ്ഞവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് കുഞ്ഞനന്തനെ മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ടി.പി കേസിൽ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് കോടതി കുഞ്ഞനന്തനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു.
നേരത്തെ, ജയിലിലെ അന്തേവാസികൾക്ക് അവധിയും അടിയന്തര അവധിയും നൽകുന്നത് സാധാരണമെന്ന് കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കത്തെ സാധൂകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.