കൊച്ചി: നിര്‍ധനരുടെ പെണ്മക്കളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടന വഴി സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ തൃശൂര്‍ അവിയൂര്‍ കൂവക്കാട്ട് വീട്ടില്‍ കുഞ്ഞുമോന് (50) തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത് വിവിധ പേരുകളെന്ന് പോലീസ്.
അഷ്റഫ്, സലിം, ബഷീര്‍, റിയാസ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായാണ് ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയിരുന്നത്. കോതമംഗലം സ്വദേശിനിയുടെ പരാതിയില്‍ ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബ്രിജുകുമാര്‍, എസ്ഐ കെ.എക്സ്. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കഴിഞ്ഞ ദിവസം മൈസൂരുവിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയുണ്ടായി.
കോതമംഗലത്ത് ചുക്ക് കാപ്പി കച്ചവടം നടത്തുന്ന യുവതിയുടെ കടയിലെത്തി കാപ്പി കുടിക്കാനെത്തിയ പരിചയപ്പെട്ട ഇയാള്‍ അഷ്റഫ് എന്ന പേരാണ് യുവതിയോട് പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍- അമീന്ട്രസ്റ്റ് ഭാരവാഹിയായ താന്‍ ട്രസ്റ്റ് പ്രസിഡന്റായ ഹാജിയാരോട് പറഞ്ഞ് യുവതിയുടെ വിവാഹിതയായ മകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്തു.
ഹാജിയാര് നിലവില്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പരാതിക്കാരിയോട് അറിയിച്ചത്. ഒരു മാസം മുമ്പ് വിവാഹിതയായ മകള്‍ക്ക് സ്വര്‍ണമായി ഒന്നും നല്കാന് തനിക്ക് കഴിഞ്ഞില്ലെന്നു പറഞ്ഞ യുവതിയോട് ഇയാള്‍ ട്രസ്റ്റ് മുഖേന മൂന്നു പവന്റെ സ്വര്‍ണമാല വാങ്ങിത്തരാമെന്നു സമ്മതിച്ചു. ഇതിനായി യുവതി ഏതെങ്കിലും ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണമാല വാങ്ങിയതും ബില്ലും ഹാജിയാരെ കാണിക്കാന്‍ ആവശ്യപ്പെട്ടു.
ഇതിനുസരിച്ച് ഇടപ്പള്ളിയിലെത്തിയ യുവതിയുടെ പക്കല്‍ നിന്നും സ്വര്‍ണമാലയും ബില്ലും സംഘടനയില്‍ കാണിച്ചതിന് ശേഷം തിരികെ നല്‍കാമെന്ന് അറിയിച്ച് കുഞ്ഞുമോന് മാലയുമായി കടന്നു കളയുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായത്.
മുമ്പും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള കുഞ്ഞുമോനെതിരെ വയനാട്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ളതാണ്. ചികിത്സാ സഹായം, വിദേശത്ത് ജോലി, ലോണ്‍ ലഭിക്കുന്നതിന് സഹായം നല്‍കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി നിര്‍ധനരായ ആളുകളെ പ്രലോഭിപ്പിച്ചാണ് വിവിധ തരത്തിലുള്ള തട്ടിപ്പിന് ഇയാള്‍ നേതൃത്വം നല്‍കിയത്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബ ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലുള്ളവരാണ് ഇയാളുടെ തട്ടിപ്പിന്റെ പ്രധാന ഇരകളെന്ന് പോലീസ് പറഞ്ഞു. നിരവധി മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇയാളെ കണ്ടെത്തുന്നത് പോലീസിന് ദുഷ്കരമായിരുന്നു.
ഒരു പ്രാവശ്യം ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ പിന്നീട് ഇയാള്‍ ഉപയോഗിക്കാറില്ല. 500 രൂപക്ക് മൈസൂരില്‍നിന്ന് ലഭിക്കുന്ന വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിക്കാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ കുഞ്ഞുമോന് സമ്മതിച്ചു.
കാമുകിയുമായുള്ള തര്‍ക്കത്തിനിടെ ഇയാളുടെ വലത് കാല് ഒടിഞ്ഞ് ചികിത്സയില്‍ ഇരിക്കുന്ന സമയത്താണ് പോലീസ് മൈസൂരിലുള്ള ഹോട്ടലില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഈ സമയം ഇയാളില്‍നിന്നും കണ്ടെടുത്ത പാസ്പോര്‍ട്ട് ഉടമസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ ആറു പേരുടെ പക്കല്‍ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് കൂടി തെളിഞ്ഞു.
ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്ന് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാര്‍ പറഞ്ഞു.