വടകര: മാപ്പിളപ്പാട്ട് ഗായകൻ എം.കുഞ്ഞിമൂസ (91 ) നിര്യാത നായി. ഇന്നു പുലർച്ചെ മൂന്നരയോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. ഗായകൻ താജുദ്ദീൻ വടകര മകനാണ്. ഏഴ് പതിറ്റാണ്ടിലേറെ കാലം മാപ്പിളപ്പാട്ട്, ലളിതഗാനം, ഗാനരചയിതാവ്, ഗായകൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ചു.
തലശേരിയിലെ പരേതരായ അബ്ദുള്ളയുടെയും മറിയത്തിന്റെയൂം മകനായി 1928 ലായിരുന്നു ജനനം. പ്രാരാബ്ദങ്ങളുടെ നടുവിൽ പിറന്ന കുഞ്ഞിമൂസ ചുമട്ട് തൊഴിൽ ചെയ്തെങ്കിലും ഗാനങ്ങളോടുള്ള താൽപര്യവും ആലാപന മിടുക്കും അദ്ദേഹത്തെ സംഗീത മേഖലയിലേക്ക് എത്തിക്കുകയായിരുന്നു.
നാട്ടുകാരനായ സംഗീതസംവിധായകൻ കെ.രാഘവൻ മാസ്റ്ററുമായുള്ള പരിചയമാണ് ഗാനരംഗത്ത് സ്ഥിരസാന്നിധ്യമായി മാറാൻ അവസരമായത്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ആകാശവാണി കോഴിക്കോട് നിലയം പ്രത്യേക ക്ഷണിതാവുമാണ്.
ഭാര്യ: പരേതയായ നഫീസ. മറ്റു മക്കൾ: റംല, ഷാഹിദ, മഹസൂം, റസിയ, ഫസലു, സറീന, മുബീന. മരുമക്കൾ: മൂഹമ്മദലി, അബൂബക്കർ, ഉമ്മർകുട്ടി, റഹീഷ, റംല, പരേതരായ അബൂബക്കർ, മുഹമ്മദ്. വൈകീട്ട് മൂന്നിനു കോട്ടക്കൽ ഇലാഹിയ ജുമുഅ മസ്ജിദിൽ മയ്യത്ത് നിസ്കാരം നടക്കും. നാലു മണിയോടെ വടകര ടൗണ്‍ഹാളിൽ പൊതുദർശനത്തിനു വെക്കുന്ന മൃതദേഹം അഞ്ചിന് വടകര വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും.