വടകര: മാപ്പിളപ്പാട്ട് ലോകത്ത് തലയെടുപ്പോടെ നിന്ന കാരണവര്‍ വിടവാങ്ങി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കാന്‍ പരിശ്രമിക്കുകയും എണ്ണമറ്റ ഗാനങ്ങള്‍ കൊണ്ട് ആസ്വാദക മനസില്‍ തേന്മഴ ചൊരിയുകയും ചെയ്ത എം.കുഞ്ഞിമൂസ ഇനി ഓര്മ.
ആലാപനത്തോടൊപ്പം ഗാനങ്ങള്‍ക്ക് ഈണം പകരുകയും രചന നിര്‍വഹിക്കുകയും ചെയ്ത കുഞ്ഞിമൂസ മാപ്പിളപ്പാട്ടിനന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് ഈ രംഗത്ത് ഏറെ സംഭവാനകള്‍ ചെയ്ത കലാകാരനാണ്. ഗായകന്, സംഗീത സംവിധായകന് എന്നിങ്ങനെ തിളങ്ങിയ അദ്ദേഹം ഈ രംഗത്ത് സജീവമായി നില്‍ക്കുമ്പോഴും പുതിയ പ്രതിഭകളെ വിരുന്നൂട്ടി. ഏഴ് പതിറ്റാണ്ടിലേറെകാലം മാപ്പിളപാട്ട്, ലളിതഗാനം, ഗാനരചയിതാവ്, ഗായകന്, സംഗീതജ്ഞന് എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു.
അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു.
ജീവിതസാഹചര്യങ്ങള്‍മൂലം ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ കുഞ്ഞിമൂസയെ ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ.രാഘവന് മാസ്റ്ററാണ്. രാഘവന് മാസ്റ്റര്‍ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷന് ടെസ്റ്റിന് അയച്ചത്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.
അനവധി നാടകഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ നോവല്‍ നാടകമാക്കിയപ്പോള്‍ പി.ടി.അബ്ദുറഹിമാനന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് മൂസയാണ്. മകന് താജുദീന് വടകര പാടി ശ്രദ്ധേയമായ ‘നെഞ്ചിനുള്ളില്‍ നീയാണ് ഫാത്തിമാ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെവരികള് എഴുതിയതും കുഞ്ഞിമൂസയാണ്.
യേശുദാസ്, മാര്‍ക്കോസ്, കണ്ണൂര്‍ ശരീഫ്, രഹ്ന, അഫ്സല്, അജയന്, മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, ലിയാഖത്ത്, എം എ ഗഫൂര്‍, കണ്ണൂര്‍ രാജന്, എസ്.എം.കോയ, സിബില, ശ്രീലത രതീഷ്, സിന്ധു പ്രേംകുമാര്‍, മച്ചാട്ട് വാസന്തി തുടങ്ങി നിരവധി പേര് മൂസയുടെ സംഗീത സംവിധാനത്തില്‍ പാടിയിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു. വടകര എഫാസിന്റെ ജനകീയ ആദരവും അദ്ദേഹം ഏറ്റുവാങ്ങി. ആകാശവാണി കോഴിക്കോട് നിലയം പ്രത്യേക ക്ഷണിതാവ് എന്ന അംഗീകാരവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു പിടി മാപ്പിളപ്പാട്ടുകളുടെ ഓര്‍മകള്‍ നിറഞ്ഞ പാട്ടുവഞ്ചിയില് നീങ്ങുകയാണ് ഈ കലാകാരന്.