കുട്ടിക്കവിതകളുടെ ആശാനെന്നാണ് കുഞ്ഞുണ്ണി മാഷ് അറിയപ്പെടുന്നത്. കഴുത്തില്‍ രുദ്രാക്ഷമാലയും നെറ്റിയില്‍ ഭസ്മക്കുറിയുമിട്ട ഒരു ചെറിയ മനുഷ്യനായിരുന്നു കുഞ്ഞുണ്ണി മാഷ്. കുട്ടികള്‍ക്കായി പാടിയും മൊഴിമുത്തുകള്‍ ചൊല്ലിയും നമുക്കിടയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച ഒരു മനുഷ്യന്‍. ഓരോ കാര്യം വ്യക്തമാക്കുന്നതിനും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രീതിയുണ്ടായിരുന്നു. സ്വന്തം വീടെവിടെയാണെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയുന്നത് ഇപ്രകാരം, ‘തൃശൂരില്‍ നിന്ന് പതിനാല് നാഴിക പടിഞ്ഞാറ്, കൊടുങ്ങല്ലൂരില്‍ നിന്ന് പതിനാല് നാഴിക വടക്ക്, ഗുരുവായൂരില്‍ നിന്ന് പതിനാല് നാഴിക തെക്ക്’. 2006ലാണ് ആരാധകരെ ഒന്നാകെ നിരാശരാക്കികൊണ്ട് കുഞ്ഞുണ്ണി മാഷ് ഈ ലോകത്തില്‍ നിന്ന് വിടവാങ്ങിയത്. ഒരു കൈയില്‍ ഒരു പാളയും ഇല്ലിക്കോലും പിടിച്ച് സ്വന്തം വീട്ടില്‍ക്കയറിവരാറുള്ള ഒരു ഭ്രാന്തിത്തള്ളയെക്കുറിച്ചായിരുന്നു മാസ്റ്റര്‍ ആദ്യമായി എഴുതിയ വരികള്‍. അവര്‍ക്ക് അമ്മ ദോശയോ ചോറോ നല്‍കുമായിരുന്നു. അവര്‍ കൈയില്‍പിടിച്ച പാളയും ഇല്ലിക്കോലും എന്തിനായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ് മാസ്റ്ററുടെ ആദ്യ കവിത പിറക്കുന്നത്. അതിങ്ങനെയായിരുന്നു.
‘വീശാം ഇരിക്കാം
കുടയായ് പിടിക്കാം
ഇനി വേണ്ടിവന്നാല്‍
കാശിക്കുപോകാന്‍
ഒരു പാത്രമാക്കാം’.
https://youtu.be/gV3OsqOtA3c
നാലോ അഞ്ചോ വരികള്‍ കൊണ്ട് ഏത് വിഷയത്തെക്കുറിച്ചും ഒരു ഉപന്യാസം തന്നെ രചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതാണ് പ്രത്യേകത. ഇപ്പോഴിതാ കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ആനിമേഷന്‍ രൂപത്തിലെത്തുന്നു. കുഞ്ഞുണ്ണി മാഷിന്റെ ആരാധകര്‍ക്കുള്ള സമ്മാനം എന്ന നിലക്കാണ് അദ്ദേഹത്തിന്റെ കവിതകള്‍ ആനിമേഷന്‍ രൂപത്തിലെത്തുന്നത്. ഏതായാലും കുഞ്ഞുണ്ണി കവിതകള്‍ ജനപ്രീതി നേടുമെന്നാണ് കരുതുന്നത്. കുട്ടികള്‍ക്ക് വിജ്ഞാനവും വിവേകവും ഒരുപോലെ ലഭ്യമാക്കുന്ന ഒന്നാണ് ആനിമേഷനായി എത്തുന്നത്. പരമ്പരയുടെ രൂപത്തിലാണ് കവിതകള്‍ അവതരിപ്പിക്കുന്നത്. കുഞ്ഞുണ്ണി മാഷ് നേരിട്ട് കുട്ടികള്‍ക്ക് കഥകളും കവിതകളും ചൊല്ലിക്കൊടുക്കുന്ന രീതിയിലാണ് ആനിമേഷന്‍ ഒരുക്കിയിരിക്കുന്നത്. കോഴിക്കാട് ആസ്ഥാനമായ btween animation ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സംവിധാനവും തിരക്കഥയും ബിജു ബാവോഡാണ്. അസോസിയേറ്റ് ഡയറക്റ്ററായി അനൂപ് നങ്ങാളിയും മാസ്റ്റര്‍ക്ക് ശബ്ദം നല്‍കാന്‍ അഡ്വ. മോഹനനുമാണ് ബിജുവിനൊപ്പം നിന്നത്.