വലപ്പാട്: കുഞ്ഞുണ്ണി മാഷുടെ പ്രതിമയിൽ കവിയുടെ പേരും വിവരങ്ങളും ഒഴിവാക്കി ജനപ്രതിനിധികളുടേയും സ്മാരക സമിതി ഭാരവാഹികളുടേയും പേരുകൾ എഴുതിയത് വിവാദമാകുന്നു. കവിയുടെ ജീവിത രേഖ സ്മാരകത്തിലൊരിടത്തും രേഖപ്പെടുത്തിയിട്ടുമില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അനാഛാദനം ചെയ്യുന്ന കുഞ്ഞുണ്ണി സ്മാരകത്തിലെ പ്രതിമയിലാണ് കവിയുടെ പേരും വിവരങ്ങളും ഒഴിവാക്കി ജനപ്രതിനിധികളുടെയും സ്മാരക സമിതി ഭാരവാഹികളുടേയും സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖന്റേയും പേരുകൾ എഴുതിയത്.
കവിയുടെ പേര്, ജനനം, മരണം എന്തിനേറെ കവിതയിലെ രണ്ടു വരി പോലും പ്രതിമയിലെ ശിലാഫലകത്തിലില്ല.
കേരളത്തിലൊരിടത്തുമില്ലാത്ത ഈ പ്രവൃത്തി കവിയോടുള്ള അനാദരവാണെന്ന് സാഹിത്യ പ്രേമികൾ പറയുന്നു.
സ്മാരക സമിതിയിലെ ചില അംഗങ്ങൾ പ്രതിമയിൽ സ്ഥാപിച്ചിരിക്കുന്ന ജനപ്രതിനിധികളുടെ പേരുകളും പദ്ധതി വിഹിതങ്ങളും രേഖപ്പെടുത്തിയ ശിലാഫലകം നീക്കം ചെയ്ത് കവിയുടെ പേരും വിവരങ്ങളും അനാച്ഛാദനം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും അദ്ധ്യക്ഷയുടേയും പേരും മാത്രമടങ്ങുന്ന ശിലാഫലകം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗീതാ ഗോപി എംഎൽഎ ക്ക് കത്ത് നല്കിയിട്ടുമുണ്ട്.കവിയുടെ ജീവിത രേഖ സ്മാരകത്തിലൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല.