കൊരട്ടി: കുപ്രസിദ്ധ മോഷ്ടാവും കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം പറന്തോട് സ്വദേശി പുതുപറന്പിൽ നിയാസ് എന്ന കുഞ്ഞൂട്ടി(39)യെയാണ് കൊരട്ടി എസ്ഐ കെ.എസ്. സുബീഷ് മോൻ അങ്കമാലിയിൽനിന്ന് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു . തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര യുടെ നിർദേശാനുസരണം മോഷണക്കേസുകളിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
കെഎംസി കന്പനിയുടെ പ്രോജക്ട് മാനേജരുടെ കൊരട്ടി ഖന്നാനഗറിലുള്ള വസതിയിൽനിന്ന് രത്നങ്ങൾ പതിച്ച മോതിരം, വിദേശ നിർമിത വാച്ചുകൾ, പാസ്പോർട്ടുകൾ, ചെക്ക് ബുക്കുകൾ, ആധാരങ്ങൾ എന്നിവ കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ കൂട്ടുപ്രതിയായ “കുട്ടിച്ചാത്തൻ’ ഫിജോയെ പോലീസ് മാസങ്ങൾക്കുമുന്പ് അറസ്റ്റു ചെയ്തിരുന്നു.
മുരിങ്ങൂരിലെ സ്വകാര്യവ്യക്തിയുടെ ഫാമിൽ ജോലി ചെയ്തുവരവെയാണ് ഇവർ മോഷണത്തിൽ ഏർപ്പെട്ടിരുന്നത്. മോഷണത്തിനുശേഷം മുങ്ങിയ നിയാസിനെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവനന്തപുരം, എറണാകുളം, കോയന്പത്തൂർ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ തെരഞ്ഞിരുന്നു. പിന്നീട് ഇയാൾ അങ്കമാലിയിൽ വച്ച് പോലീസിന്റെ വലയിലാകുകയായിരുന്നു.
അറസ്റ്റിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാസ്പോർട്ടുകളും മറ്റു രേഖകളും കണ്ടെടുത്തു. രത്ന മോതിരം തൃശൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയത്തിലായിരുന്നു. അങ്കമാലി പോലീസ് സ്റ്റേഷനിൽ ഒരു കൊലപാതക കേസും ബോംബെറിഞ്ഞ് യുവാക്കളെ വധിക്കാൻ ശ്രമിച്ചതിനു രണ്ടു കേസുകളും ഒരു കവർച്ചക്കേസും രണ്ടു മോഷണക്കേസുകളും ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു കൊലപാതക ശ്രമക്കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.
അന്വേഷണസംഘത്തിൽ എഎസ്ഐ ഒ.ജി. ഷാജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, വി.യു. സിൽജോ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.