പണം പോലീസ് പിടിച്ചാൽ ഭരത്ചന്ദ്രൻ എന്നും കുഴൽപണം കവർച്ച ചെയ്യുന്ന സംഘങ്ങൾ തട്ടിയെടുത്താൽ റോബിൻ ഹുഡ് എന്നുമാണ് വിവരം പണം തന്നവരെ വിളിച്ചറിയിക്കുന്പോൾ ഉപയോഗിക്കേണ്ട കോഡ്.
ഈ കോഡു ഭാഷയിലാണ് ഫോണിലൂടെയുള്ള സംസാരമെന്നതിനാൽ പല ഫോണ് കോൾ ഡീറ്റെയിൽസും പരിശോധിക്കുന്പോൾ ഏതാനും സെക്കൻഡുകൾ മാത്രം നീളുന്ന സംഭാഷണമാണ് പണം നഷ്ടപ്പെട്ടയുടൻ നടന്നിരിക്കുന്നതെന്ന് കാണാം.
പണം നഷ്ടപ്പെട്ടുവെന്നു പറയാനുള്ള സമയം പോലും പലപ്പോഴും ഈ ഫോണ് കോൾ ദൈർഘ്യത്തിനുണ്ടാവില്ല.
തൃശൂർ കൊടകര കുഴൽപണ കവർച്ച കേസിൽ പണം നഷ്ടപ്പെട്ടയുടൻ വിളിച്ച ഫോണ് കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിളികളാണ്.
സംസ്ഥാനവും ഭാഷയും മാറുന്പോൾ കോഡും മാറും. തമിഴ്നാട്ടിൽ ഒരു കോടി ഒരു കൊണ്ടാട്ടമാണ്.
ചങ്കൂറ്റമുണ്ടോ?
അൽപം ചങ്കൂറ്റവും ഏറെ ഭാഗ്യവുമുണ്ടെങ്കിൽ ആർക്കും കാരിയറാകാം എന്നാണ് ഹവാല ഗ്യാംഗുകളിൽ പൊതുവേ പറയാറുള്ളത്.
കാരിയർ പണി കരിയറാക്കി മാറ്റി മാസം ലക്ഷങ്ങൾ സന്പാദിക്കുന്നവരുണ്ട് ഇന്ത്യയിലും വിദേശത്തും. കേരളത്തിൽ അത്തരത്തിലുള്ള കാരിയർമാർ കുറവാണ്.
ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ഹവാല കേരളത്തിലെത്തിക്കുന്ന കാരിയർക്ക് 10,000 രൂപ വരെയാണു പ്രതിഫലം. ഹവാലപ്പണം കൂടുന്നതനുസരിച്ചു പ്രതിഫലവും കൂടും.
നാട്ടിൻപുറത്തെ വീടുകളിൽ വലുതല്ലാത്ത തുകകൾ എത്തിച്ചുകൊടുക്കുന്ന പ്രാദേശിക കാരിയർക്ക് അഞ്ഞൂറു മുതൽ ആയിരം രൂപവരെയാണ് ഡെലിവറി ചാർജായി കിട്ടുക.
മുന്പ് ഹവാല കാരിയറായി പ്രവർത്തിക്കുകയും പിന്നീടു പോലീസ് പിടിച്ചg ജയിലിലായ ശേഷം ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന ശേഷം എല്ലാ ഇടപാടുകളും നിർത്തി പുതിയൊരു ജീവിതം നയിക്കുന്ന തൃശൂർ സ്വദേശി കാരിയർ ജീവിതത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ:
“” കൈയിൽ കാശു വന്നു നിറയുന്നതു പെട്ടന്നായിരിക്കും. യാത്രകൾ ഇഷ്ടമായിരുന്ന എനിക്കു ചെന്നൈയിൽനിന്നും ബംഗളുരുവിൽനിന്നും മംഗലാപുരത്തുനിന്നുമെല്ലാം സാധനങ്ങൾ കേരളത്തിലേക്കും മറ്റിടങ്ങളിലേക്കും എത്തിക്കാനുണ്ടായിരുന്നു.
പണം മിക്കവാറും രഹസ്യ അറകളുള്ള കാറിലായിരിക്കും കടത്തുക. അല്ലെങ്കിൽ ബൈക്കിൽ. ചിലപ്പോൾ കാരിയർമാർക്ക് എസ്കോർട്ട് പോകേണ്ടതായും വരും.
അപ്പോൾ കൈയിൽ ആയുധമുണ്ടാകും. ഏർപ്പാട് കഴിഞ്ഞാൽ അപ്പോൾ കൈയോടെ പണം കിട്ടും. പിന്നെ അടുത്ത വിളി വരുന്നതു വരെ അടിച്ചുപൊളി തന്നെ.
എല്ലായിടത്തും നമ്മുടെ ആൾക്കാരുള്ളതിനാൽ ഒന്നിനു ബുദ്ധിമുട്ടില്ല. ഒറ്റത്തടിയായി കഴിയുന്നവർക്കേ കാരിയർ ജോലി പറ്റൂവെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പേടി തോന്നാതെ, പതറാതെ പിടിച്ചുനിൽക്കണമെങ്കിൽ കൂടും കുടുംബവുമുള്ളവർക്കു പറ്റില്ല.
ഒറ്റിയവനെ കിട്ടിയാൽ
പണം തന്നുവിടുന്നവർക്കും വാങ്ങാനിരിക്കുന്നവർക്കുമിടയിൽ പണവുമായി സകല റിസ്കും താണ്ടി എത്തേണ്ടത് കാരിയർമാരാണ്. എപ്പോൾ എവിടെനിന്നാണ് ഒറ്റു വരുന്നതെന്നു പിടികിട്ടില്ല.
ഒറ്റിയവനെ കിട്ടിയാൽ പിന്നെ വെച്ചേക്കരുതെന്നാണ് ഹവാലക്കാരുടെ നിയമം. അന്നു പ്രായത്തിന്റെ തിളപ്പിലും വിവരക്കേടിലും പലതും ചെയ്തുകൂട്ടി. ഇന്നോർക്കുന്പോൾ ഉള്ളു കിടുങ്ങുന്നു.
അതൊക്കെ വിട്ടിട്ടു വർഷങ്ങളായെങ്കിലും ഞാനിപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലൊക്കെയുണ്ട്. അവര് തന്നയെല്ലേ നിങ്ങളെ വിവരങ്ങള് ചോദിക്കാൻ എന്റെയടുത്തേക്കു വിട്ടത്. എനിക്കറിയാം..” അതും പറഞ്ഞ് ആ പഴയ കാരിയർ ചിരിച്ചു.
നടേശാ കൊന്നേക്ക്…….
നടേശാ കൊല്ലണ്ട എന്നാണ് രാവണപ്രഭുവിൽ വിജയരാഘവന്റെ ഡയലോഗെങ്കിൽ കുഴൽപണക്കാർ ഒരിക്കലും തങ്ങളുടെ വഴിമുടക്കാനെത്തുന്നവരെ കൊല്ലണ്ട എന്നു പറയാറില്ല.
കൊന്നേക്ക് എന്നാണ് പണം കൈമാറുന്പോൾ ഹവാല ബിസിനസ് സാമ്രാജ്യത്തിന്റെ തലപ്പത്തുള്ളവർ കാരിയർമരോടു പറയാറുള്ളത്.
(തുടരും).