കുമരകം: കുമരകത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും പോലീസ് അന്വേഷണം തുടരും.
ചീപ്പുങ്കലിൽ ആത്മഹത്യ ചെയ്ത അംബികാ മാർക്കറ്റിൽ ഹേമാലയം പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയ(19)നോടൊപ്പമെത്തി കാണാതായ പെണ്‍കുട്ടിയെ ഇന്നലെ പുലർച്ചയോടെ കണ്ടെത്തിയിരുന്നു.
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്തുനിന്നും ഏതാനും മീറ്ററുകൾ അകലെ മാലിക്കായലിലെ ചതുപ്പുനിറഞ്ഞ പൊന്തക്കാട്ടിൽനിന്നും 20 മണിക്കൂറുകൾക്കുശേഷമാണ് അവശനിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് സംഭവ ദിവസം രാത്രി വരെ പോലീസും ഡോഗ് സ്ക്വാഡും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സമീപവാസിയായ മാലികായൽചിറ വിനോദ് (കുട്ടൻ) പോത്തിനെ തീറ്റിക്കാനായി കൊണ്ടുപോകുന്ന വഴിയാണു പെണ്‍കുട്ടിയെ കണ്ടെത്തുന്നതും സമീപവാസികളുടെ സഹായത്തോടെ കരയ്ക്ക് എത്തിക്കുന്നതും.
ഭയന്നു പോയ താൻ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും പിന്നീട് രാത്രിയോടെ ചെളി നിറഞ്ഞ വെള്ളത്തിൽ കഴുത്തറ്റം മുങ്ങി അബോധാവസ്ഥയിലായെന്നും കുട്ടി ഇവരോട് പറഞ്ഞു.
കിലോമീറ്ററുകളോളം ഇടതിങ്ങിയ കുറ്റിക്കാടുകളും വിഷപ്പാന്പുകളുടെ വിഹാര കേന്ദ്രവുമായ പ്രദേശത്ത് ഒരു രാത്രി മുഴുവൻ പെണ്‍കുട്ടി തനിയെ കഴിഞ്ഞതിന്റെ ആശ്ചര്യത്തിലാണ് നാട്ടുകാർ.
യുവാവിന്റെ മരണം നേരിട്ടു കാണുകയും ഇരുട്ടിൽ കഴിയുകയും ചെയ്തതോടെ മനസിന്റെ താളം തെറ്റിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ പെരുമാറ്റം.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നു കോട്ടയം വെസ്റ്റ് പോലീസെത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേക്കു മാറ്റി.
പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെ പെണ്‍കുട്ടിയെ വൈകുന്നേരം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില പൂർണമായി വീണ്ടെടുത്തശേഷമാകും അന്വേഷണം തുടരുക.