കുന്നംകുളം: തെരഞ്ഞെടുപ്പ് ചർച്ചകൾ കോവിഡ് ഭീഷണിയിൽ ഒതുങ്ങിയെങ്കിലും ഇത്തവണ കുന്നംകുളം വലവീശിപ്പിടിക്കുമെന്ന അവകാശവാദവുമായി ബിജെപി.
മാസങ്ങൾക്കുമുന്പു നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കുന്നംകുളം മേഖലയിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റവും, പ്രവർത്തകരുടെ വർധനവും ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിനുശേഷവുമാണ് ബിജെപി ക്യാന്പ് ഈ തീരുമാനത്തിലെത്തിയത്.
ബിജെപി സ്ഥാനാർഥിയും പാർട്ടി ജില്ലാ പ്രസിഡന്റുമായ അനീഷ് കുമാർ ഇത് മൂന്നാം തവണയാണ് കുന്നംകുളത്ത് മത്സരിച്ചത്. മൂന്നുതവണയും മണ്ഡലത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചുണ്ടാക്കിയ മുന്നേറ്റം നിസാരമല്ല.
ആദ്യം കുന്നംകുളം നഗരസഭയിൽ അക്കൗണ്ട് തുറന്ന ബിജെപി ഇന്ന് നഗരസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്. ഏറെകാലം നഗരസഭ ഭരിച്ച കോണ്ഗ്രസ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.
സമീപ പഞ്ചായത്തുകളായ ചൊവ്വന്നൂർ, കടങ്ങോട്, എരുമപ്പെട്ടി, പോർകുളം, കാട്ടകാന്പാൽ, വേലൂർ എന്നിവിടങ്ങളിലും ഇത്തവണ ബിജെപിക്ക് അംഗങ്ങളുണ്ട്.
ഈ ഒരു മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാന്പ്. അനീഷ്കുമാർ ജയിച്ചില്ലെങ്കിൽ രണ്ടാംസ്ഥാനത്തെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും അണികളും.
ബിജെപി കൂടുതൽ വോട്ട് പിടിച്ചാൽ അതിന്റെ നഷ്ടം യുഡിഎഫിനാകുമെന്നാണ് മുൻവർഷത്തെ വോട്ടിംഗ് കണക്കുകൾ ചൂണ്ടികാട്ടുന്നത്.
എന്നാൽ കണക്കുകൾ നിരത്തി പതിനായിരത്തിലധികം വോട്ടുകളുടെ ലീഡിൽ മന്ത്രി മൊയ്തീൻ വിജയിച്ചുകയറുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
ബൂത്ത് അടിസ്ഥാനത്തിൽ ലഭിച്ച വോട്ടിംഗ് നിലവാരവും കണക്കുകളും കൂട്ടിക്കിഴിച്ച് പാർട്ടി തയ്യാറാക്കിയ കണക്കുകൾ പ്രകാരം ലീഡ് പതിനായിരത്തിൽ താഴില്ലെന്നാണ് നേതാക്കളുടെ അവകാശവാദം.
എന്നാൽ കൈപ്പത്തി ചിഹ്നത്തിന്റെ തിരിച്ചുവരവ് വരമായി തീരുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
ഒരു മാസത്തെ കാത്തിരിപ്പിനിടയിൽ വോട്ടിംഗ് ആവേശം എല്ലായിടത്തും ഇപ്പോൾ നിലച്ച മട്ടിലാണ്.
തെരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ച എല്ലാവരും തന്നെ മറ്റു പല രംഗങ്ങളിലും വ്യാപകമായതോടെ ഇപ്പോൾ തെരഞ്ഞെടുപ്പ് ചർച്ചകളും പൊതുവേ കുറഞ്ഞു.
എന്നാൽ ഈ മാസം അവസാനത്തോടെ സംഗതികൾ മാറുകയും ആവേശം തിരിച്ചെത്തുകയും ചെയ്യും. അതുവരെ പെട്ടിയിൽ ഉറങ്ങുന്ന വോട്ടുകൾക്ക് തണുത്ത ആവേശത്തോടെയുള്ള കാത്തിരിപ്പാണ്.