കുന്നംകുളം: വടക്കാഞ്ചേരി റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തടസമാകുന്ന രീതിയിൽ നിലനില്ക്കുന്ന ഓട്ടോറിക്ഷ പാർക്കിംഗ് ഹൈക്കോടതി ഉത്തരവിലൂടെ നിർത്തലാക്കി. ടൗണിൽ വടക്കാഞ്ചേരി റോഡിലെ കച്ചവട സ്ഥാപനങ്ങൾക്ക് മുന്പിൽ കാലങ്ങളായി ഓട്ടോറിക്ഷ പാർക്കിംഗ് ഉണ്ടായിരുന്നു.
എന്നാൽ ഇവിടുത്തെ സ്ഥാപനങ്ങളിലേക്ക് വരുന്നവർക്കും മറ്റും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇവിടുത്തെ കച്ചവടക്കാർ ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടുത്തെ ഓട്ടോറിക്ഷ പാർക്കിംഗ് മാറ്റി കൊണ്ട് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ പാർക്കിംഗ് ഉണ്ടായിരുന്ന സ്ഥലത്ത് വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്ത ഭാഗത്ത് വണ്ടികൾക്ക് പാർക്ക് ചെയ്ത് വാടക എടുക്കാനുള്ള അനുരഞ്ജനാ ശ്രമങ്ങളും നടക്കുന്നുണ്ട്. ബാക്കിയുള്ള വണ്ടികൾ പോലീസ് നിർദ്ദേശിച്ച സ്ഥലത്തിന് അപ്പുറത്തേക്ക് പാർക്ക് ചെയ്ത് ഓടേണ്ടി വരും. ഉത്തരവ് കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു.
കുന്നംകുളം സി ഐ കെ ജി സുരേഷ്, എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഓട്ടോറിക്ഷ തൊഴിലാളികളുമായി സംസാരിച്ച് ഉത്തരവ് നടപ്പിലാക്കി. ടൗണിൽ ഗുരുവായൂർ റോഡിലും ഇതേ പ്രശ്നങ്ങൾ നിലനിന്നിരുന്നു.
ഗുരുവായൂർ റോഡിലെ കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ കാലങ്ങളായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ പാർക്കിംഗ് ആണ് കച്ചവടക്കാർ ഉത്തരവിലൂടെ മാറ്റിയത്.
വ്യാപാരസ്ഥാപനങ്ങളിലേക്ക് വാഹനങ്ങളുമായി വരുന്നവരെ കടത്തിവിടാൻ തയ്യാറാകുന്നില്ലെന്നും ഓട്ടോക്കാരുമായി തർക്കങ്ങൾ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകളാണ് ഇതുമൂലമുണ്ടാകുന്നതെന്നും കാണിച്ചുകൊണ്ടാണ് ഗുരുവായൂർ , വടക്കാഞ്ചേരി റോഡുകളിലെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
രണ്ടുമാസം മുന്പ് തന്നെ ഗുരുവായൂരിലെ വ്യാപാരികൾക്ക് അനുകൂലവിധി ലഭിച്ചിരുന്നു. വടക്കാഞ്ചേരി റോഡിലെ വ്യാപാരികളായ രാജു ബി. ചുങ്കത്ത്, പി.എൽ. ഫ്രാൻസി, സി.എ. നിഷാദ്, ഷൗക്കത്തലി, പി. എം. മൻസൂർ, വി.കെ. ഷരീഫ്, വർഗീസ് എന്നിവരാണ് തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ ഓട്ടോറിക്ഷ പാർക്കിംഗ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ നിന്നും അനുകൂലമായി വിധി നേടിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ബൈജുറോഡിന് അടുത്തേക്ക് വടക്കാഞ്ചേരി റോഡിലെ ഓട്ടോറിക്ഷ പാർക്കിംഗ് മാറ്റേണ്ടതായി വരും.