കുന്നംകുളം: പ്രളയക്കെടുതിമൂലം പ്രവർത്തിച്ചിരുന്ന കുന്നംകുളത്തെ പ്രധാന ക്യാന്പായ ബഥനി സെന്റ് ജോൺസ് സ്കൂളിലെ ക്യാന്പ് ഇന്ന് രാവിലെ അവസാനിപ്പിച്ചു. പറവൂരിൽ നിന്നും ദുരിതപേറിയെത്തിയ 54 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
കുട്ടികൾ ഉൾപ്പടെ വീടുകളിൽ നിന്ന് ഇറങ്ങിപോയവർക്ക് കുന്നംകുളം നഗരസഭയാണ് ഇവിടെ താമസസൗകര്യമൊരുക്കിയത്. ഇന്നുരാവിലെ വീട്ടിലേക്കുള്ള ഭക്ഷണവസ്തുക്കളും, സാമഗ്രഹികളുമുൾപ്പടെ കിറ്റ് നൽകിയാണ് ഇവരെ യാത്രയാക്കിയത്. പറവൂരിലേക്കുള്ള വാഹനസൗകര്യവും ഏർപ്പാടാക്കിയിരുന്നു.
നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, കുന്നംകുളം സിഐ കെ.ജി. സുരേഷ്, തഹസിൽദാർ ബ്രീജ കുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. കുന്നംകുളം നഗരസഭ പ്രദേശത്ത് പ്രവർത്തിക്കുന്ന വടുതല സ്കൂളിലെയും തഫാ കോംപ്ലക്സിലെയും ദുരിതാശ്വാസ ക്യാന്പ് നാളെ അവസാനിക്കും.