കുന്നംകുളം: പോലീസ് കസ്റ്റഡി പീഡനം വാർത്തയാകുന്പോൾ, കുന്നംകുളം പോലീസും വാർത്തയിൽ നിറയുകയാണ്, ഇത് പ്രതികളെ പീഡിപ്പിച്ചതിനല്ല, കസ്റ്റഡിയിലുള്ള ഭൂമിയെ പരിപാലിച്ചാണ് ജനശ്രദ്ധ നേടുന്നത്. സ്റ്റേഷനോട് ചേർന്ന് വെറുതെ കിടന്നിരുന്ന 20 സെന്റ് സ്ഥലത്ത് കുന്നംകുളം പോലീസിന്റെ നേതൃത്വത്തിൽ പച്ചക്കറികളും, ചെണ്ടമല്ലി പൂ കൃഷിയും ആരംഭിച്ചാണ് പോലീസ് പ്രകൃതി നീതി പാലിക്കുന്നത്.
കുന്നംകുളം സിഐ കെ.ജി.സുരേഷ് മുൻകൈയെടുത്ത് കൃഷി വകുപ്പുമായി സഹകരിച്ചാണ് സ്റ്റേഷൻ വളപ്പ് ഹരിതാഭമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിഷരഹിത പച്ചക്കറി പൂ കൃഷിയുടെ വ്യാപനമാണ് പോലീസ് സ്റ്റേഷനിലും കൃഷി ആരംഭിക്കാൻ പ്രേരണയായതെന്ന് സിഐ സുരേഷ് പറഞ്ഞു.
തുടർച്ചയായി നാല് വർഷം നീണ്ടുനിൽക്കുന്ന വിധത്തിലാണ് പച്ചക്കറി പൂ കൃഷിയിറക്കുന്നത്. കൃഷി സ്ഥലം മൾച്ചിംഗ് ഷീറ്റ്പൊതിഞ്ഞ് ഡ്രിപ്പ് വാട്ടർ സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തിയാണ്കൃഷി ആരംഭിച്ചിട്ടുള്ളത്. പോലീസ് സ്റ്റേഷന്റെ മുറ്റത്തും അരികുകളിലും ഗ്രോ ബാഗിലാണ് പച്ചക്കറികൃഷി നടത്തുന്നത്.
ചൂണ്ടൽ കൃഷിഭവനിലെ കർഷകമിത്ര ജീവനക്കാരനായ അനീഷ് ആനായ്ക്കൽ, ഫീൽഡ് അസി. പി മഞ്ജു എന്നിവരുടെയും കുന്നംകുളം കൃഷിഭവന്റെയും മേൽനോട്ടത്തിലാണ് കൃഷി പുരോഗമിക്കുന്നത്.