കുന്നംകുളം: പുതുയതായി രൂപം കൊണ്ട കുന്നംകുളം താലൂക്കിലെ തഹസിൽദാർ ബ്രീജാ കുമാരിക്ക് നേരെ സിപിഐയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ആക്ഷേപങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഒരു വനിതാ ഉദ്യോഗസ്ഥയെ ഏറെ നേരം ഓഫീസിൽ തടഞ്ഞ് വെക്കുന്ന പോലെ പെരുമാറുകയും വിവിധ ആക്ഷേപങ്ങൾ ഉന്നയിക്കുകയും തുടർന്ന് തഹസിൽദാർക്ക് നേരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രസ്താവനയിറക്കുകയും ചെയ്ത സിപിഐ കുന്നംകുളം നേതൃത്വത്തിനെതിരെ ഇന്നലെ അടിയന്തരമായി താലൂക്ക് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രതിഷേധമറിയിച്ചിരുന്നു.
കടങ്ങോട് വില്ലേജിൽ ആളില്ലാത്തതിനെ തുടർന്ന് ഒരാളെ കുന്നംകുളം താലൂക്ക് ഓഫീസിൽ നിന്നും കടങ്ങോട്ടേക്ക് മാറ്റി നിയമിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്.ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരു ജീവനക്കാരനെ മാറ്റി നിയമിച്ചതിനെതിരെ ശബ്ദമുയർത്തിയാണ് ഇവർ ഇന്നലെ തഹസിൽദാരെ സമീപിച്ചത്.
തഹസിൽദാർ നിലപാടും സാഹചര്യവും വ്യക്തമാക്കിയെങ്കിലും മണ്ഡലം ഭാരവാഹികൾ ഈ വിഷയത്തിലുള്ള തർക്കം അവരുമായി തുടരുകയായിരുന്നു. ഇവിടെ മന്ത്രി പറയുന്നത് മാത്രം നടത്തിക്കൊണ്ട് പോയാൽ ശരിയാകില്ല എന്നവരെ ഇവർ ആരോപിച്ചു.
താലൂക്ക് ആരംഭിക്കുന്നതിനും ഇതിന്റെ കോഡിനേഷനും ഓഫീസ് ക്രമീകരണങ്ങൾക്കും മറ്റും ആഹോരാത്രം പ്രയത്നിച്ച തങ്ങളുടെ മേലുദ്യോഗസ്ഥക്ക് നേരെ ഏതാനും രാഷ്ട്രീയ പ്രവർത്തകർ വന്ന് ഇല്ലാത്ത ആരോപണം ഉന്നയിച്ചതാണ് താലൂക്കിലെ മറ്റ് ജീവനക്കാരെ ഇന്നലെ പ്രകോപിച്ചത്. നിലവിൽ പരാതിയില്ലാതെ പോകുന്ന കുന്നംകുളം താലൂക്ക് ഭരണ സംവിധാനത്തിനെതിരെ അനാവശ്യമായി ഇവിടത്തെ സിപിഐ നേതൃത്വം ഇടപെടുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.