രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതിക്ക് കേരളത്തെ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമമാണ് യോഗയ്ക്ക് പേരുകേട്ട് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുന്നത്. തിരുവല്ലയില്‍നിന്നു മല്ലപ്പള്ളിയിലേക്കുള്ള റോഡില്‍ കുറ്റപ്പുഴ, പായിപ്പാട് വഴി കുന്നന്താനത്തെത്താം. മോദി സര്‍ക്കാരിന്റെ യോഗാ ഗ്രാമം പദ്ധതിക്ക് മാതൃകയാണ് ഇനി ഈ കൊച്ച് ഗ്രാമം.
രോഗികളില്ലാത്ത കുന്നന്താനം സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പുമായും സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനുമായും ബന്ധപ്പെട്ടു പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുന്നന്താനത്തിന് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്. യോഗയുടെ കരുത്ത് തിരിച്ചറിഞ്ഞ ഗ്രാമത്തിനുള്ള യാഥാര്‍ത്ഥ അംഗീകാരം. രാജ്യത്തെ 500 ഗ്രാമങ്ങളെ ‘സമ്പൂര്‍ണ യോഗാ ഗ്രാമ’ങ്ങളാക്കി മാറ്റാനാണ് ആയുഷ് മന്ത്രാലയത്തിന്റെ തീരുമാനം.
ഇതിലാണ് കുന്നന്താനം പഞ്ചായത്തിനെ കേന്ദ്രം മാതൃകയാക്കുന്നത്. രോഗചികിത്സയെക്കാള്‍ ആരോഗ്യരക്ഷയ്ക്കും രോഗപ്രതിരോധത്തിനും ഊന്നല്‍ നല്കുന്ന 2017 ലെ ദേശീയ ആരോഗ്യ നയത്തിന്റെ ചുവടുപിടിച്ചാണു ‘യോഗാ ഗ്രാമ’ പദ്ധതി നടപ്പാക്കുന്നത്. ജൂണ്‍ 21നു രാജ്യാന്തര യോഗാദിനത്തിനു മുന്നോടിയായാണു പദ്ധതിക്കു തുടക്കമിടുന്നത്. ഗ്രാമപഞ്ചായത്തിലെ ഓരോ വീട്ടിലും ഒരാളെങ്കിലും യോഗാ പരിശീലിക്കുന്നു എന്നുറപ്പാക്കിയാണു കുന്നന്താനം രാജ്യത്തെ ആദ്യ സമ്പൂര്‍ണ യോഗാ ഗ്രാമമായി മാറിയത്.
സ്ഥിരം യോഗാ ക്ലിനിക് തുടങ്ങിയാണ് കുന്നന്താനം ശ്രദ്ധേയമായ പ്രവര്‍ത്തനം തുടങ്ങിയത്. വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്ന വിധത്തില്‍ പാഠ്യപദ്ധതിയും തയ്യാറാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ 28 സ്ഥലങ്ങളില്‍ എഴുപതോളം യോഗാ പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. നാട്ടുകാര്‍ക്കു പുറമെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പരിശീലനം നല്കി. എം.ജി.ദിലീപിന്റെ നേതൃത്വത്തിലാണു പരിശീലനം ആരംഭിച്ചത്.
പഞ്ചായത്തില്‍ യോഗാ വാരാചരണം, വായനാ ദിനത്തില്‍ ‘വായനയും യോഗായും’ എന്ന ചര്‍ച്ച തുടങ്ങിയവ സംഘടിപ്പിച്ചു. എല്ലാ കുടുംബങ്ങളില്‍നിന്നും പങ്കാളിത്തം ഉറപ്പാക്കി കഴിഞ്ഞ ജൂണ്‍ 22നു സമ്പൂര്‍ണ യോഗാ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇത് കേന്ദ്രസര്‍ക്കാരിനും പ്രചോദനമായി. ഇവിടുത്തെ ഓരോ വീട്ടിലും ചുരുങ്ങിയത് ഒരാളെങ്കിലും സ്ഥിരമായി യോഗ ചെയ്യുക എന്നതാണ് യോഗാ ഗ്രാമത്തിന്റെ ലക്ഷ്യം. ‘കുന്നന്താനം മാതൃക’ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ‘ആയുഷ്’ ഉദ്യോഗസ്ഥരും പറയുന്നു.