കല്ലടിക്കോട്: കുട്ടികൾക്ക് പൊടിച്ചു നല്കുന്ന കുന്നൻ വാഴയും വിസ്മൃതിയിലേക്ക്. പണ്ട് കാലത്ത് കൃഷിയിടങ്ങളിൽ സുലഭമായിരുന്ന കുന്നൻ വാഴ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്.
അടയ്ക്കാ കുന്നൻ എന്ന പേരിലും അറിയപ്പെടുന്ന ഇത് നല്ല പോഷക സന്പന്നമായ അപൂർവ്വ ഇനം വാഴപ്പഴം കൂടിയാണ്.കുട്ടികൾക്ക് ഉണക്കി പൊടിച്ചു നല്കാൻ ഏറ്റവും നല്ലത് ഇതാണ്.
പെട്ടെന്ന് ദഹിക്കുക, വിറ്റാമിൻ, രോഗ പ്രതിരോധ ശക്തി, ശരീരകാന്തി തുടങ്ങിയവ കുന്നൻ കായയുടെ പ്രത്യേകതകളാണ്. ഇതിന്റെ മുക്കാൽ വിളവുള്ള കായകളാണ് ഉണക്കി പൊടിച്ച് കുട്ടികൾക്ക് ആഹാരമായി നല്കുന്നത്.
കറിക്കായും പഴമായും ഉപയോഗിക്കാം. ഓരോ കുലയിലും ഏഴോ, എട്ടോ വീതം പടലകൾ ഉണ്ടാകും. നല്ല കുലകൾക്ക് 15 കിലോ വരെ തൂക്കം ഉണ്ടാകും. മൂപ്പുകാലം 15,16 മാസമാണ്.
കുന്നൻ വാഴകൾ വീട്ടുവളപ്പിലെ ചെറു വാഴയായി അധികം പരിചരണമില്ലാതെ നടാവുന്നതാണ്. അധികം കീട രോഗങ്ങൾ ബാധിക്കില്ലെന്നത് ഇതിന്റെ പ്രത്യേകതയാണ്.