പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കുടിവെള്ള സ്രോതസായ കുന്നാർ അണക്കെട്ടു നികന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകും. പ്രശ്നപരിഹാരത്തിനായി തിരക്കിട്ട ശ്രമങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചു.കഴിഞ്ഞ പ്രളയദിനത്തിലാകണം ഉൾവനത്തിലെ കുന്നാർ അണക്കെട്ടും മൂടിയതെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. അണക്കെട്ടിൽ നിന്ന് സന്നിധാനത്തേക്ക് വെള്ളം കൊണ്ടവരുന്ന കുഴലിനും തകരാർ ഉണ്ടായിട്ടുണ്ട്.
160 മില്ലീമീറ്റർ വ്യാസമുള്ളതാണ് കുടിവെള്ളക്കുഴൽ. ഇത് പലയിടത്തും ഇളകി ചോർച്ച കാണുന്നുണ്ട്. മറ്റ് പലയിടത്തും പൊട്ടലും ഉണ്ടെന്നാണ് കണ്ടെത്തൽ. സന്നിധാനത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള കുന്നാർ മലയിലെ അണയിലേക്ക് എത്താൻ തന്നെ അഞ്ച് മണിക്കൂർ കാൽനട സഞ്ചാരമുണ്ട്. 50 ലക്ഷം ലിറ്റർ ശേഷിയുള്ള അണയിൽ നിന്ന് കല്ലും മണ്ണും നീക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് വിവരം.
യന്ത്രങ്ങൾ എത്തിക്കാൻ കഴിയാത്തതാണ് കാരണം. രാവിലെ ആറിനു സന്നിധാനത്തുനിന്നു പുറപ്പെട്ടാൽ തന്നെ 11 ഓടെ എത്തുകയുള്ളൂ. മടക്കം രാത്രിയിൽ അനുവദനീയമല്ലാത്തതിനാൽ ഏഴിനു മുന്പ് സന്നിധാനത്തെത്തണമെങ്കിൽ രണ്ടോടെ തിരികെപോരണം. മഴ പെയ്താൽ യാത്ര അപകടത്തിലാകും. ആകെ ഓരോദിവസവും രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ ജോലിയെടുക്കാനാകൂ. ഇതാണ് ഡാമിന്റെ പുനരുജ്ജീവനത്തിനു നേരിടുന്ന പ്രധാന വെല്ലുവിളി.
പന്പയുടെ നേരിട്ടുള്ള വഴിയിൽ ഏറെ ഉയരത്തിലാണ് അണക്കെട്ടെന്നതിനാൽ വൈദ്യുതി ആവശ്യമില്ലാതെ തന്നെ കുന്നാറിൽ നിന്ന് വെള്ളം സന്നിധാനത്ത് എത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. പന്പയിൽ മോട്ടോറും പുഴയിലെ കിണറും നശിച്ചതിനാൽ കുന്നാറിൽ നിന്നെത്തിക്കുന്ന വെള്ളമാണ് ശബരിമലയിൽ കുടിവെള്ളമായി ഉപയോഗിച്ചിരുന്നത്. കൂടുതൽ തൊഴിലാളികളെ എത്തിച്ച് കുന്നാറിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.