കോട്ടയം: കുന്നത്തുകളത്തിൽ സ്വർണാഭരണ- ചിട്ടിഫണ്ട് സ്ഥാപനത്തിലെ സാന്പത്തിക തട്ടിപ്പ് 150 കോടി കവിഞ്ഞു. 1650 പരാതിക്കാർക്കാണ് 150 കോടി രൂപ കിട്ടാനുള്ളത്. ഇനിയും നൂറുകണക്കിന് ആളുകൾ പരാതി നല്കാനുണ്ടെന്നാണ് സൂചന. അടുത്ത ദിവസങ്ങളിലായി പരാതിക്കാർ പോലീസിനെ സമീപിക്കും. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാനുള്ള നീക്കം നടന്നു വരുന്നു.
പരാതിക്കാരുടെ ബാഹുല്യവും അതോടൊപ്പം ഇടപാടുകാരിൽ നിന്നു തട്ടിയെടുത്തത് വൻതുകയാണെന്നതും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ ശ്രമിക്കുന്നത്. അതേസമയം, ഒളിവിൽ പോയ സ്ഥാപന ഉടമ കെ. വി. വിശ്വനാഥൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഒൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. കോട്ടയം വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ഇവർക്കു വേണ്ടിയുള്ള അന്വേഷണം നടത്തുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഏഴു കേസുകളാണു കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ കോട്ടയത്ത് യോഗം ചേർന്ന ഇടപാടുകാർ ശക്തമായ സമരത്തിനും തീരുമാനിച്ചു. സ്ഥാപന ഉടമ വിശ്വനാഥനെ അറസ്റ്റ് ചെയ്യുക, ഇടപാടുകാരുടെ നിക്ഷേപം മടക്കി ലഭിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു രാവിലെ തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നിന്നും കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
നൂറുകണക്കിന് നിക്ഷേപകരാണ് ആലോചനായോഗത്തിൽ പങ്കെടുത്തത്. ഒന്നിലേറെ അഭിഭാഷകരെ നിയോഗിച്ചു നിയമപോരാട്ടം നടത്താനും യോഗം തീരുമാനിച്ചു. തുടർ നടപടികൾക്കായി 55 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളെയും തെരഞ്ഞെടുത്തു.ഇടപാടുകാർ തമ്മിലുള്ള ആശയവിനിമയത്തിനു ‘കെജെ ആക്ഷൻ കൗണ്സിൽ’ എന്ന വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാനും ഇടപാടുകാർ തീരുമാനിച്ചിട്ടുണ്ട്.