കോട്ടയം: സാന്പത്തിക പ്രതിസന്ധിയെ തുടർന്നു പാപ്പർ ഹർജി നല്കിയശേഷം അടച്ചുപൂട്ടിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ ആസ്തികളുടെ കണക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. കോടതി നിയോഗിച്ച റിസീവറുടെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്തുന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണു കണക്കെടുപ്പ് നടത്തുന്നത്.
ആദ്യം കോട്ടയം സെൻട്രൽ ജംഗ്ഷനിലുള്ള ജ്വല്ലറിയിലും പീന്നിട് ചങ്ങനാശേരി, ചെങ്ങന്നൂർ ജ്വല്ലറികളിലുമാണു കണക്കെടുപ്പ് നടത്തുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന സ്വർണത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനുള്ള രണ്ടു ഉദ്യോഗസ്ഥർ, റിസീവറെ സഹായിക്കുന്നതിനു ഒരു അഭിഭാഷകർ എന്നിവരാണു കണക്കെടുപ്പിൽ പങ്കെടുക്കുന്നത്.
ഇവർക്ക് ആവശ്യമായ സംരക്ഷണം നല്കുന്നതിനു പോലീസിനെയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജ്വല്ലറികൾ തുറന്നു പരിശോധനകൾ നടത്തുന്പോൾ നിക്ഷേപകർ എത്താനും സംഘർഷമുണ്ടാകാനുമുള്ള സാധ്യതയുള്ളതിനാലാണു പോലീസിന്റെ സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജ്വല്ലറികളിൽ നിന്നും എടുക്കുന്ന സ്വർണം ട്രഷറിയിലാണു സൂക്ഷിക്കുക. ഇതിനുള്ള പ്രത്യേക അനുമതിയും കോടതി നല്കിയിട്ടുണ്ട്. ആസ്തികൾ തിട്ടപ്പെടുത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്നതിനു മുന്പു രണ്ടു തവണ ശ്രമം നടത്തിയിരുന്നെങ്കിലും കോടതിയുടെ അന്തിമ അനുമതി ലഭിക്കാതിരുന്നതാണു പരിശോധനകൾ നീണ്ടുപോകാനുള്ള കാരണം. ക്രൈം ബ്രാഞ്ചിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണു കേസ് അന്വേഷിക്കുന്നത്.