കോട്ടയം: സാന്പത്തിക പ്രതിസന്ധി നേരിടുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പിനെതിരെ പരാതി പ്രവാഹം. ഇന്നലെ മാത്രം ഇരുന്നൂറിൽപ്പരം ആളുകൾ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകി. കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ 117പേരും വെസ്റ്റ് സ്റ്റേഷനിൽ 80തും പരാതികളാണ് ലഭിച്ചത്. കോട്ടയം ജില്ലാ പോലീസ് ചീഫ്, ഡിവൈഎസ്പി എന്നിവർക്ക് നേരിട്ട് പരാതി നൽകിയവരും ഉൾപ്പെടുന്നു.
ഈസ്റ്റ് സ്്റ്റേഷനിലെ പരാതികളിൽ 3.75 കോടിയും വെസ്റ്റിൽ ഒരു കോടി രൂപയും നഷ്്ടപ്പെട്ടതായാണു പ്രഥമിക നിഗമനം. ഗാന്ധിനഗർ, കുമരകം സ്റ്റേഷനുകളിലും പരാതിയുമായി ആളുകൾ എത്തിയെങ്കിലും വെസ്റ്റ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു. പണം നഷ്്ടപ്പെട്ടെന്ന ആശങ്ക പരന്നതോടെ ഇന്നലെ രാവിലെ മുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയിരുന്നു.
കോട്ടയം സെൻട്രൽ ജംഗ്ഷൻ, ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ കുന്നത്തുകളത്തിൽ ജ്വല്ലറികൾ, കുന്നത്തുകളത്തിൽ ബാങ്കേഴ്സ്, കുന്നത്തുകളത്തിൽ ഫിനാൻസിയേഴ്സ്, കുന്നത്തുകളത്തിൽ ഇൻവെസ്റ്റ്മെന്റ് എന്നീ സ്ഥാപനങ്ങൾ ഉൾപ്പെട്ടതാണ് കുന്നത്തുകളത്തിൽ ഗ്രൂപ്പ്.
70 വർഷമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് കുന്നത്തുകളത്തിൽ. ഉടമ കോടതിയിൽ സമർപ്പിച്ച പാപ്പർ ഹർജിപ്രകാരം 136 കോടി രൂപയുടെ ബാധ്യതയും 65.55 കോടി രൂപയുടെ ആസ്തിയുമാണ് വ്യക്തമാക്കിയിരിക്കുന്നത്.പരിഹരിക്കാനാകാത്ത ബാധ്യതയെത്തുടർന്നാണു പാപ്പർ ഹർജിയെന്നും ചിട്ടി പിടിച്ചവരും നിക്ഷേപകരും ഉൾപ്പെടെ 5100 ഇടപാടുകാരാണു തങ്ങൾക്കുള്ളതെന്നും പറയുന്നു.
കോടതി നിയോഗിക്കുന്ന റിസീവർ ആസ്തികൾ കണക്കാക്കിയശേഷം ഈ ഇടപാടുകാരുടെ യോഗം വിളിച്ചുകൂട്ടുമെന്നും അതിനുശേഷം സാന്പത്തിക ബാധ്യതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകൻ കെ.സി. യൽദോ പറഞ്ഞു.
ഉടമയും കുടുംബവും ഒളിവിലെന്ന് പോലീസ്
കോട്ടയം: കാരാപ്പുഴ സ്വദേശി കെ.വി. വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള കുന്നത്തുകളത്തിൽ ഗ്രൂപ്പ് പൊളിഞ്ഞതോടെ ഒട്ടേറെപ്പേർക്ക് പണം നഷ്ടമായി. ലക്ഷക്കണക്കിന് രൂപ നഷ്ടമായവരും ഇതിൽപ്പെടും. ചിട്ടി സ്ഥാപനത്തിലെ കണക്കുകൾ പ്രകാരം 50 കോടി രൂപയ്ക്കു മുകളിലുള്ള പണം ഇടപാടുകൾ നടക്കുന്നുണ്ട്.
വൻകിടക്കാർ അടക്കം പലരും ഇവിടെ ഒരു ലക്ഷം മുതൽ ഒരു കോടി രൂപവരെ നിക്ഷേപിച്ചിട്ടുണ്ട്. മാസങ്ങളായി കന്പനി സാന്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു. ഇതിനിടെയാണു കഴിഞ്ഞ ദിവസം മുതൽ അപ്രതീക്ഷിതമായി കുന്നത്തുകളത്തിൽ സ്വർണക്കടകൾ അടച്ചു പൂട്ടിയതും തുടർന്ന് നിക്ഷേപകർ പോലീസിനെ സമീപിച്ചതും.
കോട്ടയം നഗരത്തിനു സമീപം തിരുനക്കര തെക്കും ഗോപുരത്തിനടുത്ത് താമസിക്കുന്ന വിശ്വനാഥനും കുടുംബവും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെൻട്രൽ ജംഗ്ഷനിലെ ജ്വല്ലറി അടഞ്ഞു കിടന്നതോടെയാണ് കുന്നത്തുകളത്തിൽ ഗ്രൂപ്പ് പൊളിഞ്ഞതായുള്ള വാർത്തകൾ പുറംലോകമറിഞ്ഞത്. ഇതോടെയാണു വിശ്വനാഥനും ഭാര്യയും കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത്.
സെൻട്രൽ ജംഗ്ഷനിൽ തന്നെ ഇവർക്കു കോടികൾ വിലവരുന്ന സ്ഥലവും ജ്വല്ലറിയുമുണ്ട്. കുന്നത്തുകളത്തിൽ ഫിനാൻസും, ചിട്ടിഫണ്ടും സ്വർണക്കടയിൽ തന്നെയാണു പ്രവർത്തിച്ചിരുന്നത്. കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണു ജ്വല്ലറികളുള്ളത്. ചിട്ടി ഫണ്ട്സിന്റെ പ്രധാന ഓഫിസ് ബേക്കർ ജംഗ്ഷനിലെ സിഎസ്ഐ ബിൽഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.
വിശ്വനാഥനും ഭാര്യയും കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. 2011 ജൂലൈ ഏഴിന് സെൻട്രൽ ജംഗ്ഷനിലെ കുന്നത്തുകളത്തിൽ ജ്വല്ലറിയിൽ രണ്ടംഗ സംഘം വെടിയുതിർത്ത് ഏഴു കിലോ സ്വർണം കവർന്ന സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഇരുവരെയും പിടികൂടുകയും സ്വർണാഭരണങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.