കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനത്തിലെ സാന്പത്തിക തട്ടിപ്പ് കേസിൽ പോലീസിനും പണി കിട്ടി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പതിനഞ്ചോളം പോലീസുകാർ ഇപ്പോൾ കുന്നത്തുകളത്തിൽ കേസിന്റെ ഡ്യൂട്ടിയിലാണ്. കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപാനങ്ങളുടെ നാല് കടകളിൽ ഇപ്പോൾ പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
സെൻട്രൽ ജംഗ്ഷനിലെ കുന്നത്തുകളത്തിൽ ജ്വല്ലറി, ബേക്കർ ജംഗ്ഷൻ, കോഴിച്ചന്ത എന്നിവിടങ്ങളിലെ ചിട്ടി സ്ഥാപനങ്ങൾ, സ്ഥാപന ഉടമ വിശ്വനാഥന്റെ വീട് എന്നിവിടങ്ങളിലാണ ്പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് സ്റ്റേഷനിലെ ഓരോ പോലീസുകാരും എആർ ക്യാന്പിൽ നിന്നുള്ള പോലീസുകാരുംപിക്കറ്റ് ഡ്യൂട്ടിയിലുള്ളത്.
രാത്രിയിലും പകലുമായി എട്ടു പോലീസുകാർ വെസ്റ്റ് സ്റ്റേഷനിൽ നിന്നുള്ളവരാണ്. ബാക്കി എആർ ക്യാന്പിൽ നിന്നു വരും. ഇതിനു പുറമെ പരാതിക്കാർ ഇപ്പോൾ മൂവായിരമാകുന്നു. സ്റ്റേഷനിൽ എല്ലാ ദിവസവും പരാതിക്കാരുടെ ബഹളമാണ്. പരാതി സ്വീകരിക്കാനും അവരുടെ മൊഴി രേഖപ്പെടുത്താനും പോലീസുകാർ വേണം.
കേസ് അന്വേഷിക്കുന്ന സംഘത്തിലും വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരുണ്ട്. അങ്ങനെ പതിനഞ്ചോളം പോലീസുകാർ ഇപ്പോൾ തന്നെ കുന്നത്തുകളത്തിൽ കേസിനു പിന്നാലെ ഡ്യൂട്ടിയിലാണ്.
കുന്നത്തുകളത്തിൽ പൊതുയോഗം നാളെ
കോട്ടയം: കുന്നത്തുകളത്തിൽ സാന്പത്തിക തട്ടിപ്പിന് ഇരയായവർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗണ്‍സിലിന്റെ പൊതുയോഗം നാളെ രാവിലെ 10.30ന് ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ ചേരും. തുടർന്ന് സ്വീകരിക്കേണ്ട നിയമ നടപടികൾ സംബന്ധിച്ചും മുഖ്യമന്ത്രിക്ക് പരാതി നല്കുന്നതു സംബന്ധിച്ചും തീരുമാനമെടുക്കാനാണ് നാളെ യോഗം ചേരുന്നതെന്ന് ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് സി.ജി.ശശികുമാർ അറിയിച്ചു.
നാളത്തെ യോഗത്തിനു മുന്നോടിയായി ഇന്നു രാവിലെ എക്സിക്യൂട്ടീവ് ചേർന്ന് ഇതുവരെ നടത്തിയ സമര പരിപാടികളും ആക്ഷൻ കൗണ്‍സിൽ സ്വീകരിച്ച നടപടികളും വിലയിരുത്തി. പോരായ്മകൾ പരിഹരിച്ച് വിപുലമായ സമര പരിപാടികൾ സംഘടിപ്പിക്കാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
കുന്നത്തുകളത്തിൽ തട്ടിപ്പ്;റിസീവർ കണക്കെടുപ്പ് തുടങ്ങിയില്ല
കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനത്തിലെ സാന്പത്തിക തട്ടിപ്പ് കേസിൽ കോടതി ഏർപ്പെടുത്തിയ റിസീവർ കണക്കെടുപ്പ് തുടങ്ങിയില്ല. പാപ്പർ ഹർജി നല്കിയ കുന്നത്തുകളത്തിൽ ഉടമ വിശ്വനാഥൻ കോടതിയിൽ നല്കിയ സ്വത്ത് സംബന്ധിയായ വിവരങ്ങളുടെ പൂർണ ലിസ്റ്റ് ലഭ്യമാക്കാത്തതിനാലാണ് റിസീവറുടെ കണക്കെടുപ്പ് വൈകുന്നത്. താമസിയാതെ കണക്കെടുപ്പ് തുടങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത്.
കുന്നത്തുകളത്തിൽ ജ്വല്ലറി, ചിട്ടി സ്ഥാപനങ്ങൾ , മറ്റ് വസ്തുക്കൾ എന്നിവയുടെ ആധാരങ്ങൾ അടക്കമുള്ള വിവരങ്ങളാണ് സ്ഥാപന ഉടമ കോടിയിൽ നല്‍കിയിട്ടുള്ളത്. ജ്വല്ലറികളിൽ ബാക്കിയുള്ള സ്വർണാഭരണങ്ങളുടെ വിവരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവയെല്ലാം ശരിയാണോ എന്നാണ് റിസീവർക്ക് പരിശോധിക്കാനുള്ളത്. കോടതിയിൽ നല്കിയ വിവരങ്ങൾ ശരിയാണോ എന്ന് കോടതി നിരീക്ഷിക്കുകയാണ് റിസീവറുടെ ജോലി.
സെപ്റ്റംബർ മൂന്നിനാണ് ഇനി ഈ കേസ് കോട്ടയം അഡീഷണൽ സബ് കോടതി ജഡ്ജി ബിൽക്കുൽ പരിഗണിക്കുന്നത്. അന്ന് റിസീവർ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. റിസീവറുടെ അന്തിമ റിപ്പോർട്ടും പരാതിക്കാരുടെ ഹർജികളും പരിഗണിച്ച ശേഷം ഏറ്റവും ഒടുവിലാകും കുന്നത്തുകളത്തിൽ ഉടമ നല്കിയ പാപ്പർ ഹർജിയിൽ വിധിയുണ്ടാവുക. പാപ്പർ ഹർജി തള്ളിയാൽ പരാതിക്കാർ സിവിൽ കേസ് നല്കി തങ്ങളുടെ നഷ്ടപരിഹാരം ഈടാക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ധർ നല്കുന്ന സൂചന.