കോട്ടയം: നിക്ഷേപകരെയും ചിട്ടി ചേർന്നവരെയും കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയെ ഇനിയും കണ്ടെത്താനായില്ല. സാന്പത്തിക തട്ടിപ്പിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ട് ഒരു മാസത്തോളമായി. ഇതുവരെ സ്ഥാപന ഉടമകളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കോടതി നിർദേശിച്ച റിസീവർ കണക്കെടുപ്പ് ആരംഭിച്ചു.
165 കോടിയുടെ ബാധ്യതയുണ്ടെന്നും തനിക്ക് 69 കോടിയുടെ ആസ്ഥിയാണുള്ളതെന്നുമാണ് സ്ഥാപന ഉടമ കോടതിയിൽ നല്കിയ പാപ്പർ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതു ശരിയാണോ, എത്രയാണ് ആസ്ഥി തുടങ്ങിയ കാര്യങ്ങളുടെ പരിശോധനയാണ് റിസീവറുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ആസ്ഥി കണക്കാക്കൽ തുടരുകയാണ്. കുത്തുകളത്തിൽ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവരും ചിട്ടി ചേർന്നവരുമായി തട്ടിപ്പിനിരയായവരുടെ എണ്ണം മൂവായിരത്തിൽ അധികമായി.
പോലീസിൽ പരാതി നല്കിയവരുടെ മാത്രം എണ്ണമാണ് മൂവായിരം കടന്നത്. ചെറിയ തുകകൾ നഷ്ടപ്പെട്ട നൂറുകണക്കിനാളുകൾ ഇപ്പോഴും പരാതി നല്കാതെ പുറത്തു നിൽക്കുന്നു. അതുപോലെ കണക്കിൽപ്പെടാത്ത സ്വത്തുള്ളവരുടെ നിക്ഷേപങ്ങളുടെ കാര്യവും ഇതുവരെ പുറത്തു വന്നിട്ടില്ല.
അനധികൃതമായി പണം സന്പാദിച്ചവരിൽ എത്ര പേർ ഇവിടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും വ്യക്തമല്ല. ഇവരുടെയെല്ലാം കൂടി കണക്കെടുത്താൽ തട്ടിപ്പിനിരയായവർ അയ്യായിരം കടക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഡെപ്പോസിറ്റേഴ്സ് അസോ.യോഗം നാളെ 10ന്
കോട്ടയം: കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ മെന്പർഷിപ്പ് എടുത്തവരുടെ അടിയന്തര യോഗം നാളെ രാവിലെ 10ന് ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ ചേരും. മെന്പർഷിപ്പുള്ളവർ കേസുമായി അഭിഭാഷകരെ സമീപിക്കാനുള്ള സ്ലിപ്പുകൾ നാളത്തെ യോഗത്തിൽ നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.