കോട്ടയം: കുന്നത്തുകളത്തിൽ സാന്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം തുടരുകയാണെന്നും ഉടമയും ഭാര്യയും എവിടെയെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്നും കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന സിഐ നിർമൽ ബോസ് വ്യക്തമാക്കി. അതേ സമയം വൈകാതെ അറസ്റ്റുണ്ടാവുമെന്നും അദേഹം പറയുന്നു. ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
ഒളിവിലായ കുന്നത്തുകളത്തിൽ ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മക്കളായ ജീത്തു, നീതു, മരുമക്കളായ ഡോ. സുനിൽ ബാബു, ഡോ. ജയചന്ദ്രൻ എന്നിവർക്കായി പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.വിശ്വനാഥൻ നല്കിയ മൂൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. ഇതിനിടെ പോലീസിന് ഇവരെ അറസ്റ്റു ചെയ്യുന്നതിന് തടസമില്ല. എന്നാൽ പോലീസ് അറസ്റ്റു ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്.
പാപ്പർ ഹർജിയിൽ തീർപ്പാകുന്നതു വരെ സ്വന്തം വീട്ടിൽ താമസിക്കാൻ അനുമതി തേടിയിരുന്നത് കോടതി അനുവദിച്ചെങ്കിലും ജീവനു ഭീഷണി ഭയന്ന് ഇതുവരെ വീട്ടിലെത്തിയിട്ടില്ല. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹർജിയാണ് ഇന്നു ഹൈക്കോടതി പരിഗണിക്കുന്നത്.
തട്ടിപ്പിനിരയായവർ ഇന്നലെ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ശക്തമായ സമരവുമായി രംഗത്തു വരാനാണ് ആക്ഷൻ കൗണ്‍സിൽ തീരുമാനം. പാപ്പർ ഹർജി സമർപ്പിച്ച സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുന്നത്തുകളത്തിൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.
ഗാന്ധിസ്ക്വയറിൽ നിന്നു നഗരംചുറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന്ഇടപാടുകാർ പങ്കെടുത്തു. ആക്്ഷൻ കൗണ്‍സിൽ പ്രസിഡന്റ് സി.ജി. ശശികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സെക്രട്ടറി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പിന്റെ ആസ്തിയും ബാധ്യതകളും കണക്കാക്കി പാപ്പർ ഹർജിയിൽ തീരുമാനമെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്ന സൂചനയിലാണു നിക്ഷേപകർ സമരം ശക്തമാക്കിയിരിക്കുന്നത്.
സ്ഥാപനത്തിനു ചിട്ടി നടത്താൻ അനുമതി നൽകിയ സർക്കാരിനു നിക്ഷേപത്തട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും സ്ഥാപന ഉടമകളുടെ മുഴുവൻ സ്വത്തുക്കളും മരവിപ്പിച്ച് നിക്ഷേപകർക്ക് ഉടൻ പണം തിരികെ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ സമരം ശക്തമാക്കുന്നമെന്നും 55 പേരടങ്ങുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചെന്നും പ്രസിഡന്റ് സി.ജി.ശശികുമാറും സെക്രട്ടറി സക്കീർ ഹുസൈനും അറിയിച്ചു.