കോട്ടയം: കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്വർണാഭരണശാലകൾ. ചിട്ടി, പണം ഇടപാടുകൾ വേറെ. ഇടപാടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ബിസിനസ് പ്രസ്ഥാനത്തിൽ നൂറുകണക്കിനുപേർ നിക്ഷേപവുമായി എത്തിക്കൊണ്ടിരുന്നു. ചിലർ പണമായി നിക്ഷേപം നടത്തി. ചിലർ സ്വർണചിട്ടിയിൽ പണം ഇറക്കി.
ആരും പ്രതീക്ഷിക്കാതിരിക്കെയാണ് 136 കോടിയുടെ ബാധ്യതയുണ്ടെന്നു കാട്ടി കുന്നത്തുകളത്തിൽ തിരുനക്കര തെക്കുംഗോപുരം ജിനോഭവൻ കെ.വി. വിശ്വനാഥനും ഭാര്യ രമണിയും ജൂണ്‍ 18നു കോട്ടയം സബ്കോടതിയിൽ പാപ്പർ ഹർജി നൽകിയത്. പ്രതിഷേധം ശക്തമാകും മുൻപേ സ്വർണക്കടകൾ ഇദ്ദേഹം അടച്ചുപൂട്ടി.
പരാതികളുടെ അടിസ്ഥാനത്തിൽ വിശ്വനാഥനും ഭാര്യയ്ക്കും മകൾക്കും മരുമകനുമെതിരേ പോലീസ് 16 കേസുകൾ ചുമത്തിയിരുന്നു. പണം നിക്ഷേപിച്ച നൂറുകണക്കിനുപേർ കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ എന്ന പേരിൽ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് വിശ്വനാഥനും കുടുംബാംഗങ്ങളും ജൂലൈ 17ന് അറസ്റ്റിലായത്. 35 കോടി രൂപ നിക്ഷേപകർക്കു നഷ്ടമായതായാണ് നിലവിലുള്ള പരാതി. ഒട്ടേറെപേർ രേഖകളില്ലാതെയും പണം നൽകിയിരുന്നു.
എഴുപതുവർഷം മുന്‍പാണു കുമരകത്ത് കുന്നത്തുകളത്തിലിന്റെ ആദ്യസ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കുന്നത്തുകളത്തിൽ ബാങ്കേഴ്സ്, ഫിനാൻസിയേഴ്സ്, ഇൻവെസ്റ്റ്മെന്റ്സ്, ജ്വല്ലറി എന്നീ സ്ഥാപനങ്ങളായി വളർന്നു. അടുത്ത ബന്ധുക്കൾ ബിസിനസിൽ ഇടപെട്ടു വൻതുക പലപ്പോഴായി പിൻവലിച്ചതാണ് ഇത്രയും വലിയ തകർച്ചയ്ക്കു കാരണമായതെന്നു പറയപ്പെടുന്നു.
ഗ്രൂപ്പിന് ഒരു പൊതുമേഖലാ ബാങ്കിലും മറ്റൊരു ധനകാര്യ സ്ഥാപനത്തിലും വൻതുകയുടെ ബാധ്യതയുണ്ടെന്നു നിക്ഷേപകർ പറയുന്നു. ബാങ്കിൽ 12 കോടി രൂപയും ധനകാര്യ സ്ഥാപനത്തിൽ രണ്ടു ചിട്ടികളിലായി 40 കോടി രൂപയും അടയ്ക്കാനുണ്ടെന്നാണ് അറിയുന്നത്.
136 കോടി രൂപയുടെ സാന്പത്തിക ബാധ്യതയുണ്ടെന്നും 65.55 കോടി രൂപയുടെ ആസ്തിയുണ്ടെന്നും കുന്നത്തുകളത്തിൽ ഗ്രൂപ്പിനുവേണ്ടി കോട്ടയം സബ്കോടതിയിൽ നൽകിയ പാപ്പർ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. 5100 നിക്ഷേപകരെ എതിർകക്ഷികളാക്കിയാണു പാപ്പർ ഹർജി ഫയൽ ചെയ്തിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ആഭരണശാലകളിലുണ്ടായിരുന്ന 103 കിലോ സ്വർണാഭരണങ്ങൾ നിലവിൽ കോടതി കസ്റ്റഡിയിലാണ്.
നാടിനെ നടുക്കിയ ആഭരണമോഷണം
കോട്ടയം: 2011ന് ജൂലൈ ആറിനു കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്തുകളത്തിൽ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി രണ്ടംഗസംഘം നടത്തിയ വൻകവർച്ച നാടിനെ നടുക്കിയ സംഭവമായിരുന്നു. ഇന്നലെ ജീവനൊടുക്കിയ കെ.വി. വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള സ്വർണാഭരണക്കടയിൽ ഉച്ചയ്ക്ക് 12.30ന് രണ്ടു യുവാക്കൾ പാഞ്ഞുകയറി വെടിയുതിർത്ത് ഏഴു കിലോ സ്വർണാഭരണങ്ങൾ അപഹരിച്ചു കടന്നുകളഞ്ഞു.
കവർച്ച നടത്തിയ സംഘത്തിലെ ഒരാളെ ഒരു മണിക്കൂറിനുള്ളിൽ കുമരകത്തു ബസിൽനിന്നു പോലീസ് പിടികൂടി സ്വർണവും തോക്കും പിടിച്ചെടുത്തു. ഒന്നരക്കോടിയിലേറെ വിലമതിക്കുന്ന സ്വർണം പത്തു മിനിറ്റുകൊണ്ടാണ് രണ്ടംഗസംഘം തട്ടിയെടുത്തത്. മോഷണത്തിനു വർഷങ്ങൾക്കുശേഷം ഈ സ്വർണം കോടതി വിശ്വനാഥനു വിട്ടുകൊടുത്തു. പിന്നീട് പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തു.